‘ഓഫീസർ ഓൺ ഡ്യൂട്ടി’യിലെ വരുമാനത്തർക്കം: പുറത്തുവിട്ടത് നിർമാതാവ് പറഞ്ഞ തുകയെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: ‘ഓഫീസർ ഓൺ ഡ്യൂട്ടി’ സിനിമയുടെ മുതൽമുടക്കിനെക്കുറിച്ച് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറും സംവിധായകനും ഒപ്പിട്ട് നൽകിയ, ബജറ്റിൽ പറഞ്ഞ തുകയാണ് പുറത്തുവിട്ടതെന്ന് നിർമാതാക്കളുടെ സംഘടന. സിനിമയുടെ കലക്‌ഷൻ സംബന്ധിച്ച, നടൻ കുഞ്ചാക്കോ ബോബന്റെ പ്രതികരണത്തിന് പിന്നാലെയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസ്‌താവനയിലൂടെ മറുപടിയുമായി എത്തിയത്.
തിയറ്ററിൽനിന്നും വിതരണക്കാരിൽനിന്നും ലഭിക്കുന്ന വരുമാനക്കണക്കാണ് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്നത്. ഒടിടി സാറ്റലൈറ്റ് ബിസിനസ് നടക്കാത്ത ചിത്രങ്ങളാണ് പുറത്തുവിട്ട കണക്കിൽ ഭൂരിഭാഗവുമെന്നും നിർമാതാക്കളുടെ സംഘടന വിശദീകരിച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ഫെബ്രുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ കലക്‌ഷൻ വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടത്. ഇതിൽ താൻ അഭിനയിച്ച ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ചിത്രത്തിന്റെ കണക്കുകൾ ശരിയല്ലെന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ രംഗത്ത് എത്തിയിരുന്നു.
നിർമാണച്ചെലവ് 13 കോടിയല്ലെന്നും അതിൽ കൂടുതലാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. തിരിച്ചുകിട്ടിയത് 11 കോടിയല്ല. നിർമാതാക്കളുടെ കണക്ക് കൃത്യമല്ല, വ്യക്തതയുമില്ല. കണക്ക് കൃത്യമായാണ് പറയേണ്ടതെന്നും കുഞ്ചാക്കോ ബോബൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.









0 comments