എന്‍എസ്എസ് സംസ്ഥാന കോ- ഓർഡിനേറ്റര്‍ ഡോ. ആര്‍ എന്‍ അൻസാർ അന്തരിച്ചു

ANSAR NSS
വെബ് ഡെസ്ക്

Published on Aug 19, 2025, 10:49 PM | 1 min read

തിരുവനന്തപുരം: നാഷണൽ സർവീസ് സ്കീം സംസ്ഥാന കോ- ഓർഡിനേറ്റര്‍ ഡോ. ആര്‍ എന്‍ അൻസാർ (47) അന്തരിച്ചു. ആഗസ്‌ത്‌ ആറിന്‌ കൊല്ലം ടൗൺഹാളിൽ നടന്ന എൻഎസ്എസ് ദക്ഷിണ മേഖല സംഗമത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ചൊവാഴ്ച വൈകിട്ട് മരിച്ചു. സംസ്കാരം ബുധനാഴ്ച പകല്‍ 12.30ന് കൊട്ടാരക്കര അമ്പലംകുന്ന് ചെമ്പൂർ മുസ്ലിം ജമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.



നെടുമങ്ങാട് ഗവ. കോളേജിലെ കൊമേഴ്സ് വിഭാഗം അധ്യാപകനായിരിക്കെ ‍ഡെപ്യൂട്ടേഷനിലാണ് എന്‍എസ്എസ് കോഓര്‍ഡിനേറ്ററായി പ്രവേശിച്ചത്. കൽപ്പറ്റ ഗവ. കോളേജിൽ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ജോലിയിൽ പ്രവേശിച്ചത്. എകെജിസിടി യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ വിവിധ സംഘടനാ ചുമതലകൾ വഹിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗവും റിസര്‍ച്ച് ഗൈഡുമായിരുന്നു. മികച്ച എന്‍എസ്എസ് ഓഫീസര്‍ക്കുള്ള നാഷണല്‍ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. ഭാര്യ: അനീഷ (കെഎസ്എഫ്ഇ, തിരുവനന്തപുരം ശാഖ). മക്കൾ: അന്ന അഫ്രിൻ, ഫാത്തിമ ഫർഹിൻ.



deshabhimani section

Related News

View More
0 comments
Sort by

Home