ഇത്തവണയും ഇയര്‍ ഔട്ട് ഇല്ല; ബിടെക് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ ബി ടെക് വിദ്യാർഥികളുടെ ഇയർ ഔട്ട് വ്യവസ്ഥയിൽ ഇളവ് വരുത്തി. ഒരുവർഷത്തേക്ക് ഇയർഔട്ട് ഒഴിവാക്കുമെന്ന് അറിയിച്ചുള്ള ഉത്തരവ് സർവകലാശാല പുറത്തിറക്കി. വിദ്യാർഥി സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം.
ബി ടെക് ഏഴാം സെമസ്റ്ററിലേക്ക് 4208 വിദ്യാർഥികളും അഞ്ചാം സെമസ്റ്ററിലേക്ക് 6428 വിദ്യാർഥികളുമാണ് ഇയർ ഔട്ട് ബാധിക്കുമായിരുന്നത്. സർവകലാശാല നിശ്ചയിച്ച ക്രെഡിറ്റ് ഇവർ നേടിയിരുന്നില്ല. ആദ്യ രണ്ട് സെമസ്റ്ററിൽ 21 ക്രെഡിറ്റും ആദ്യ നാല് സെമസ്റ്ററിലേക്ക് 47 ക്രെഡിറ്റും നേടണമെന്നാണ് സർവകലാശാലാ മാനദണ്ഡം.
ഇത് ലഭിക്കാത്തവർക്ക് ഒരുവർഷം നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. ഇതിനെതിരെ വിദ്യാർഥികളും അഫിലിയേറ്റഡ് കോളേജുകളും വിദ്യാർഥി സംഘടനകളും പരാതിപ്പെട്ടിരുന്നു. അതേസമയം ഇയർഔട്ട് സമ്പ്രദായം പൂർണമായും ഒഴിവാക്കണമെന്നാണ് എസ്എഫ്ഐ അടക്കമുള്ള സംഘടനകൾ സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നത്.









0 comments