5 വര്‍ഷമായി ലോക്കോ പൈലറ്റ് നിയമനമില്ല; വന്ദേഭാരതും 
വഴിയിലാകും

loco pilot
avatar
ഹർഷാദ്‌ മാളിയേക്കൽ

Published on Apr 14, 2025, 01:00 AM | 1 min read

കോഴിക്കോട്: കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച് പുറത്തിറിക്കിയ വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളും ആവശ്യത്തിന്‌ ലോക്കോ പൈലറ്റുമാരില്ലാത്തതിനാൽ വഴിയിൽ കിടക്കുന്ന അവസ്ഥയിലേക്ക്‌. 32,000 ത്തിലധികം ഒഴിവുകളുണ്ടായിട്ടും അഞ്ച് വർഷമായി ഒരൊറ്റ നിയമനം കേന്ദ്രം നടത്തിയിട്ടില്ല. മെയ്‌ മാസത്തോടെ വിവിധ സോണുകളിൽനിന്ന് ആയിരത്തിലധികം ലോക്കോ പൈലറ്റുമാർ വിരമിക്കും. ഇതോടെ വന്ദേഭാരത് ഉൾപ്പെടെ യാത്രാ ട്രെയിനുകളും ഗുഡ്സ് ട്രെയിൻ ഗതാഗതവും താളംതെറ്റുമെന്നാണ്‌ ആശങ്ക.


2018 ഏപ്രിലിലിലാണ് അവസാനമായി അസിസ്റ്റന്റ് ലോക്കോ പൈലറ്റ് റിക്രൂട്ടിങ് നടന്നത്. അഞ്ച് വർഷംകൊണ്ട് 18,000 ലോക്കോ ജീവനക്കാർ വിരമിച്ചു. 2024 ജനുവരിയിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. 5696 ഒഴിവുകളാണ് കാണിച്ചത്. എന്നാൽ ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയതോടെ ഒഴിവുകൾ 18,799 ആയി വർധിപ്പിച്ച് ജൂലായിൽ പുതിയ ഉത്തരവ് പുറത്തിറക്കി. ഇതിലേക്ക് 18,40,347 പേർ‌ അപേക്ഷിച്ചു. രണ്ട് ഘട്ടമായി നടക്കേണ്ട കമ്പ്യൂട്ടർ പരീക്ഷയിൽ ആദ്യത്തേത് നടന്നു.


എന്നാൽ മാർച്ച് 19, 20 തീയതികളിൽ നടക്കേണ്ട പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നടത്തിയില്ല. തുടർനടപടികളും ഒന്നുമായില്ല. പിന്നീട്‌ 2025ലും അപേക്ഷ ക്ഷണിച്ചു. നിയമന നടപടികൾ എങ്ങുമെത്തിയിട്ടില്ല. അമിതജോലിഭാരത്തിനെതിരെ ലോക്കോ പൈലറ്റുമാർ നിരന്തര സമരത്തിലാണിപ്പോൾ. എന്നാൽ അധികൃതർ നിസ്സംഗത നടിച്ച്‌ നിയമനം വൈകിപ്പിക്കയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home