'എൻ എം വിജയന്റെ കുടുംബത്തിന്റെ പരാതി ന്യായം'; നേതാക്കളെ സംരക്ഷിച്ച് കെപിസിസി സമിതി റിപ്പോർട്ട്

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ കോഴയിൽ കുരുങ്ങി വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിന്റെ പരാതി ന്യായമാണെന്ന് കെപിസിസി നിയോഗിച്ച സമിതി. എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി സമിതി റിപ്പോർട്ട് സമർപ്പിച്ചു.
വിജയൻ്റെ കുടുംബത്തിന്റെ പരാതി ന്യായമെന്നും കുടുംബത്തിന് സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കി. പാർട്ടി നേതൃത്വം മതിയായ ജാഗ്രത കാട്ടിയില്ല എന്ന് റിപ്പോർട്ട് പറയുമ്പോഴും എം എൻവിജയൻറെ മരണത്തിൽ ഏതെങ്കിലും നേതാക്കൾക്ക് പങ്കുണ്ടോ എന്ന കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
എൻ എം വിജയനും മകനും ജീവനൊടുക്കിയതിന് പിന്നിൽ കോൺഗ്രസ് നേതാക്കൾ തന്നെയെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നിരുന്നു. മുൻ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ തുടങ്ങിയവർ തട്ടിയെടുത്ത പണത്തിന്റെയും പാർടിക്കുവേണ്ടി ഏറ്റെടുക്കേണ്ടിവന്ന ലക്ഷങ്ങളുടെയും ബാധ്യതയുള്ളതിനാലാണ് ജീവനൊടുക്കുന്നതെന്ന കുറിപ്പിൽ, കോഴപ്പണം നേതാക്കൾ പങ്കിട്ടെടുത്തെന്നും പറയുന്നു. നേതാക്കൾ തട്ടിയ ലക്ഷങ്ങളുടെ ബാധ്യത ചുമലിലായതോടെയാണ് മകനൊപ്പം ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കോൺഗ്രസ് നേതാക്കൾക്കും മകൻ വിജേഷിനുമായാണ് എഴുതിയത്.
കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അന്വേഷണം സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം കസ്‌റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. രണ്ടുപേരുടെ ഒരുലക്ഷം രൂപവീതമുള്ള ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
എൻ എം വിജയന്റെ മകനെ ബത്തേരി അർബൻ ബാങ്കിലെ പാർട് ടൈം സ്വീപ്പർ തസ്‌തികയിൽനിന്ന് പിരിച്ചുവിട്ട് മറ്റൊരാളെ നിയമിച്ചതിലെ പങ്ക് കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ എംഎൽഎ സമ്മതിച്ചിട്ടുണ്ട്. ഇതിന് എംഎൽഎ പണം വാങ്ങിയെന്ന് വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു. കടബാധ്യതയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുമായി വിജയൻ നടത്തിയ ഫോൺ സംഭാഷണങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് എംഎൽഎ ഉത്തരം നൽകിയിട്ടില്ല.
ഇന്നലെ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ വീട്ടിലും അന്വേഷണസംഘം റെയ്‌ഡ് നടത്തിയിരുന്നു. കസ്‌റ്റഡിയിലുണ്ടായിരുന്ന എംഎൽഎയേയുംകൊണ്ട് വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് കേണിച്ചിറയിലെ വീട്ടിലെത്തി റെയ്‌ഡ് ചെയ്‌തത്. ചില സുപ്രധാന രേഖകൾ പരിശോധിക്കുേകയും പകർപ്പുകൾ എടുക്കുകയും ചെയ്‌തു.
ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരെയും ബുധനാഴ്ച ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ള വിവരങ്ങൾ സാധൂകരിക്കുന്ന കൂടുതൽ വിവരങ്ങളും തെളിവുകളും ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടുണ്ട്. നിയമനക്കോഴയിലൂടെയുണ്ടായ കടബാധ്യതയിൽ വിജയൻ ആത്മഹത്യയുടെ വക്കിലായിരുന്നെന്ന് പ്രതികൾ നേരത്തെ മനസിലാക്കിയിരുന്നതായി അന്വേഷകസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ പ്രതികൾ വിജയനെയും മകനെയും മരണത്തിലേക്ക് തള്ളിവിട്ടതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തത വന്നിട്ടുണ്ട്.









0 comments