അക്ഷരം തൊട്ട് ഭാഷകളിലേക്ക്; ബീഡി കമ്പനി സൃഷ്ടിച്ച ഭാഷാപണ്ഡിതൻ

ഞാറ്റ്യേല ശ്രീധരൻ
പി ദിനേശൻ
Published on Aug 14, 2025, 12:52 PM | 3 min read
തലശേരി: സഹനപാതകൾ താണ്ടിയെത്തിയ ഞാറ്റ്യേല ശ്രീധരൻ നിഘണ്ടുവിന്റെ പണിപ്പുരയിലും ഏറെ ക്ലേശം സഹിച്ചു. പരിഹസിച്ചവരും നിരുത്സാഹപ്പെടുത്തിയവരുമുണ്ട്. ഭാഷാപണ്ഡിതനല്ലാത്ത സാധാരണക്കാരന്റെ നിഘണ്ടു മലയാളികൾ സ്വീകരിക്കുമോയെന്ന് ആശങ്കപ്പെട്ടവരും കുറവല്ല. ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന പി കെ പോക്കർ മാഷാണ് ഒരു ഘട്ടത്തിൽ പ്രോത്സാഹനവുമായി കൂടെ നിന്നത്. ഉള്ളടക്കം പരിശോധിക്കാൻ വിദഗ്‌ധ സമിതിക്ക് വിട്ടു. ഒരു വർഷം പരിശോധിച്ചു. നാല് ഭാഷകളുംകൂടി ഒന്നിച്ചടിക്കാനുള്ള പ്രയാസം പറഞ്ഞു. 2012ൽ മലയാളം–-തമിഴ് നിഘണ്ടുവാണ് ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് ആദ്യം പ്രസിദ്ധീകരിച്ചത്..
കൈയെഴുത്ത് പ്രതി കാണാതായതോടെ അന്ന് പ്രതിപക്ഷ ഉപനേതാവായ കോടിയേരി ബാലകൃഷ്‌ണൻ ഇടപെട്ടു. മന്ത്രി കെ സി ജോസഫിന് പരാതി നൽകി. ഒടുവിൽ അഡ്വ കെ കെ രമേഷ് മുഖേന വക്കീൽ നോട്ടീസ് അയച്ചശേഷമാണ് കൈയെഴുത്ത് പ്രതി തിരിച്ചുകിട്ടിയത്. ഭാരിച്ച സാമ്പത്തിക ചെലവും നാലുഭാഷകളിൽ പാണ്ഡിത്യമുള്ളവരുടെ അഭാവവുമാണ് പ്രസാധാകരെ പലരെയും പിന്നോട്ടടിപ്പിച്ചത്. തന്റെ പ്രയത്നം വൃഥാവിലാവുമോ എന്ന ആശങ്കപ്പെട്ട ദിവസങ്ങളുണ്ടായിരുന്നു. അപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. ഇതിനിടെ ഇടുക്കി സ്വദേശി നിഘണ്ടു പ്രസിദ്ധീകരിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കൈയെഴുത്തുപ്രതി കൊണ്ടുപോയി. ഒന്നരവർഷം കാത്തിരുന്നിട്ടും ഒന്നും ചെയ്‌തില്ല. 2018ലെ മഹാപ്രളയത്തിൽ അത് നഷ്ടപ്പെട്ടുപോകുമെന്ന് ആശങ്കപ്പെട്ടു.
ചതുർഭാഷാ നിഘണ്ടു പ്രകാശനം പുരോഗമനകലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ടി പി വേണുഗോപാൽ കഥാകൃത്ത് അഡ്വ കെ കെ രമേഷിന് നൽകി നിർവഹിക്കുന്നു. സ്പീക്കർ എ എൻ ഷംസീർ സമീപം. (File Photo)
ഈ ഘട്ടത്തിലാണ് കേരള സീനിയർ സിറ്റിസൺസ് ഫോറം ജനറൽ സെക്രട്ടറി പി കുമാരൻ പ്രസിദ്ധീകരണ ദൗത്യം ഏറ്റെടുത്തത്. നാലുലക്ഷത്തോളം രൂപ സമാഹരിച്ച് 2019 ജൂണിലാണ് പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. ഇതിനിടെ ശ്രീധരന്റെ ജീവിതം ആസ്‌പദമാക്കി 2020 ഫെബ്രുവരി 2ന് നന്ദൻ പയ്യന്നൂർ നിർമിച്ച ‘വാക്കുകളെ സ്വപ്‌നം കാണുമ്പോൾ’ എന്ന ഒരുമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയും പുറത്തുവന്നു. സാധാരണക്കാരനായ ഒരു മനുഷ്യൻ തന്റെ ഭാഷക്കും സംസ്‌കാരത്തിനും സമർപ്പിക്കുന്ന കാണിക്കയാണ് ഈ ശബ്ദകോശം. ബാലസംഘം -കോടിയേരി വയലളം വില്ലേജ് സെക്രട്ടറിയായ കാലത്ത് 1957ൽ നിശാപാഠശാലയിൽ ക്ലാസെടുത്തുതുടങ്ങിയതാണ് ഞാറ്റ്യേല ശ്രീധരൻ. ഈങ്ങയിൽപീടികയിലെ അബ്ദുള്ളമാഷുടെ മാടത്തിൻ മുകളിലായിരുന്നു ക്ലാസ്. അഞ്ച് വർഷത്തിനുശേഷം വയലളത്ത് രണ്ടാമത്തെ ക്ലാസ്. പൊതുമരാമത്ത് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചതോടെ കണ്ണൂർ കക്കാട് ദേശാഭിവർധിനി വായനശാലയായി സാക്ഷരതയജ്ഞത്തിന്റെ കളരി. സാക്ഷരതായജ്ഞകാലത്ത് തമിഴരും തെലുങ്കരുമടങ്ങുന്ന സാധാരണക്കാർക്ക് അക്ഷരമധുരം പകർന്നു.
ഒന്നേകാൽ ലക്ഷം വാക്കുകൾ
ഞാറ്റ്യേല ശ്രീധരൻ്റെ ശബ്ദകോശത്തിലുള്ളത് ഒന്നേകാൽ ലക്ഷം വാക്കുകൾ. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷക്രമത്തിലാണ് നിഘണ്ടു തയാറാക്കിയത്. പല ഭാഷകളിലായി 28ൽ പരം ശബ്ദകോശങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും ഉപയോഗിച്ചായിരുന്നു രചന. വലിയ രജിസ്റ്ററിൽ നാലുഭാഷകൾക്കായി നാലുകോളം വരഞ്ഞ് തെളിവാർന്ന കൈയക്ഷരത്തിലാണ് ഒന്നേകാൽ ലക്ഷം വാക്കും എഴുതിയത്.

അകം എന്ന വാക്കിൽ തുടക്കം. വടക്കെ മലബാറിൽ മാത്രം പ്രചാരത്തിലുള്ള വേള (കഴുത്ത്) ഉപ്പിച്ചി തുടങ്ങിയ നാടൻ വാക്കുകൾ വരെ ഈ നിഘണ്ടുവിൽ കാണാം. മലയാളത്തിലെ ഓരോ വാക്കിന്റെയും നാനാർഥങ്ങൾ, സമാനമായ തമിഴ്, തെലുങ്ക് വാക്കുകളും അർഥവും. മലയാളത്തിലാണ് നാലു ഭാഷയിലെ വാക്കുകളും എഴുതിയത്. ഏത് മലയാളിക്കും മറ്റു ഭാഷകളിലെ സമാനപദം എളുപ്പം കണ്ടുപിടിക്കാം. എ ഫോർഷീറ്റിൽ 885 പേജുള്ളതാണ് ചതുർഭാഷാ നിഘണ്ടു.
ബീഡി കമ്പനി സൃഷ്ടിച്ച ഭാഷാപണ്ഡിതൻ തലശേരി
ബീഡി കമ്പനിയിലെ വായനയും ചർച്ചയും സൃഷ്ടിച്ച ഭാഷാപണ്ഡിതനാണ് ഞാറ്റ്വേല ശ്രീധരൻ. ഒമ്പതാംവയസിൽ ബീഡികമ്പനിയിലെത്തിയ ശ്രീധരന്റെ കലാശാല ഒരർഥത്തിൽ ബീഡികമ്പനിയാണ്. സാമൂഹ്യബോധവും വിജ്ഞാനവും രാഷ്‌ട്രീയമായ ഉൾക്കാഴ്‌ചയും പകരുന്ന കേന്ദ്രങ്ങളായിരുന്നു അക്കാലത്ത് ബീഡികമ്പനികൾ. ഉച്ചത്തിലുള്ള പത്രവായനയിൽ ആകാശത്തിന് കീഴിലുള്ള എന്തിനെക്കുറിച്ചും തൊഴിലാളികൾ ചർച്ച ചെയ്യും. ഞാറ്റ്യേല ശ്രീധരന്റെ ഭാഷയുടെ അടിത്തറയായത് നാലാംക്ലാസ് വിദ്യാർഥിയാണ്. പിന്നീട് ഇഎസ്‌എൽസി പാസായെങ്കിലും നാലാംക്ലാസിനിടയിൽ പഠിച്ച മണിപ്രവാളവും ശ്രീകൃഷ്‌ണചരിതം മൂന്ന് സർഗവും കുമാരനാശാന്റെ ബാലരാമായണവും അമരകോശം ചെറിയൊരു ഭാഗവും മന:പാഠമാക്കിയിരുന്നു.

ഞാറ്റ്യേല ശ്രീധരൻ കൂട്ടുകാർക്കൊപ്പം ഇടക്കാലത്ത് പാലക്കാട് കൽപ്പാത്തിയിൽ ഒരു മുറി വാടകക്കെടുത്ത് ബീഡിപണിയെടുത്തിരുന്നു. പാലക്കാട്ടെ താമസകാലത്താണ് തമിഴ് പഠിച്ചത്. അവിഭക്ത കമ്യൂണിസ്‌റ്റ് പാർടി അംഗമായും അവിടെ പ്രവർത്തിച്ചു. 22 വർഷത്തെ ബീഡിതൊഴിലിനിടയിലാണ് ഇഎംഎസ്, ഉണ്ണിരാജ, കെ ദാമോദരൻ, രാഹുൽസാംസ്കൃത്യായൻ, കെ എൻ എഴുത്തച്ഛൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവരുടെ കൃതികൾ വായിച്ചത്. എ ആർ രാജരാജ വർമയുടെ കേരള പാണിനീയം, ശേഷഗിരി പ്രഭുവിന്റെ വ്യാകരണ മിത്രം, ഇളംകുളം കുഞ്ഞൻപിള്ളയുടെ കൃതികളും ഭാഷപഠനത്തിൽ വെളിച്ചമായി. അങ്ങനെയാണ് ദ്രാവിഡ ഭാഷാതാരതമ്യപഠനത്തിലേക്ക് ശ്രദ്ധ പതിയുന്നത്
വക്കീൽ നോട്ടീസിന്റെ കഥ
ആകാശവാണി വാർത്തയിൽ നിന്നാണ് വാക്കുകൾ തേടിയുള്ള ഞാറ്റ്യേല ശ്രീധരന്റെ സഞ്ചാരം തുടങ്ങിയത്. ‘കമ്യൂണിസ്റ്റുകൾ’ എന്ന ആകാശവാണി വാർത്താ പ്രയോഗത്തിനെതിരെ ബീഡിതൊഴിലാളിയായ ശ്രീധരൻ കലഹിച്ചു. വ്യാകരണ നിയമപ്രകാരം ഇതു ശരിയാണോ എന്നായിരുന്നു ആദ്യ അന്വേഷണം.
സംസ്കൃത പണ്ഡിതനും കോൺഗ്രസുകാരനുമായ കെ ടി കൃഷ്ണൻഗുരുക്കളും സോഷ്യലിസ്റ്റായ വിദ്വാൻ കുഞ്ഞികൃഷ്ണനും കമ്യൂണിസ്റ്റുകൾ എന്ന പ്രയോഗം ശരിയല്ലെന്ന് കാര്യകാരണ സഹിതം വിധിച്ചു. ആകാശവാണിക്ക് വിശദമായി കത്തയച്ചു. സ്രോതാക്കളുടെ കത്തുകൾക്കുള്ള മറുപടിയിൽ ആകാശവാണി ന്യായീകരിച്ചു. തോറ്റുപിന്മാറാൻ ശ്രീധരൻ തയാറായില്ല. ദേശാഭിമാനി വാരികയിൽ ‘ആകാശവാണിയുടെ അൽപത്തരം’ എന്ന ലേഖനം പ്രസിദ്ധീകരിച്ചു. കമ്യൂണിസ്റ്റുകൾ എന്ന പ്രയോഗം ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് വക്കീൽ നോട്ടീസും അയച്ചു. ആകാശവാണിയിലും പൊതുസമൂഹത്തിലും വിഷയംചർച്ചയായി. അധിക്ഷേപ പരാമർശം അതോടെ നിർത്തി. ഇതൊരു തുടക്കമായിരുന്നു. അവിടെ നിന്നാണ് വാക്കുകൾ തേടിയുള്ള യാത്രതുടങ്ങിയത്.









0 comments