സുപ്രധാന നിയമനിർമാണം നടക്കുന്പോൾ പങ്കെടുക്കാതെ യുഡിഎഫ് അംഗങ്ങൾ
ജനപക്ഷ നിയമങ്ങളുമായി സർക്കാർ ; മുഖംതിരിച്ച് പ്രതിപക്ഷം

ഒ വി സുരേഷ്
Published on Oct 08, 2025, 01:35 AM | 1 min read
തിരുവനന്തപുരം
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായി സർക്കാർ കൊണ്ടുവന്ന സുപ്രധാനനിയമങ്ങൾ ചർച്ച ചെയ്യാത്ത പ്രതിപക്ഷ നിലപാട് ജനവഞ്ചന.
പതിനഞ്ചാം നിയമസഭയുടെ, പന്ത്രണ്ട് ദിവസംമാത്രമുള്ള പതിനാലാം സമ്മേളനത്തിന്റെ പ്രധാന അജണ്ട സുപ്രധാന നിയമനിർമാണങ്ങളായിരുന്നു. എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ച യുഡിഎഫ് അംഗങ്ങൾക്ക് ജനങ്ങളെ നേരിട്ടുബാധിക്കുന്ന നിയമനിർമാണങ്ങളിലൊന്നും താൽപര്യമില്ലെന്ന് തുടർച്ചയായി വ്യക്തമാക്കുന്നതായിരുന്നു അവരുടെ നടപടികൾ.
ഏക കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് ആശ്വാസമേകുന്ന ബിൽ, നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യജീവികളെ കൊല്ലാനുള്ള വനം ഭേദഗതി ബിൽ, പൊതുസേവനം അവകാശമാക്കുന്ന ബിൽ, സ്വകാര്യ ഉടമസ്ഥതയിലുള്ള അധികഭൂമി ക്രമീകരണ ബിൽ, സംഘങ്ങളുടെ രജിസ്‌ട്രേഷൻ ബിൽ, മലയാള ഭാഷാ ബിൽ എന്നിവ ഇൗ സമ്മേളനത്തിന്റെ സുപ്രധാന നിയമനിർമാണങ്ങളായിരുന്നു. എന്നാൽ ഇതിലൊന്നും ജനങ്ങൾക്കും അതത് മണ്ഡലങ്ങൾക്കുംവേണ്ടി ഒരുവാക്കുപോലും പറയാൻ പ്രതിപക്ഷാംഗങ്ങൾ തയ്യാറായില്ല. ശ്രദ്ധക്ഷണിക്കലുകളും സബ്‌മിഷനുകളും ചോദ്യോത്തരങ്ങളും പാഴാക്കി.
സെപ്‌തംബർ 15ന് അരംഭിച്ച സഭാ സമ്മേളനം അന്ന്, അന്തരിച്ച നേതാക്കൾക്ക് ആദരാഞ്ജലിയർപ്പിച്ച് പിരിയുകയായിരുന്നു. 15മുതൽ 19വരെയുള്ള ആദ്യഘട്ടത്തിൽ നാല് അടിയന്തര പ്രമേയനോട്ടീസുകളാണ് പ്രതിപക്ഷം നൽകിയത്. മൂന്നും സർക്കാർ ചർച്ചചെയ്തു. അതിലെല്ലാം തിരിച്ചടി കിട്ടിയപ്പോൾ 19ന് ശബരിമല വിഷയമായിരുന്നു നോട്ടീസ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ചർച്ചചെയ്യാനാവില്ലെന്ന് സ്‌പീക്കർ വ്യക്തമാക്കി. അതിന്റെപേരിൽ ബഹളംവച്ച് ഇറങ്ങിപ്പോയി. 29, 30 തീയതികളിൽ സഭ ചേർന്നപ്പോഴും രണ്ട് അടിയന്തരപ്രമേയ നോട്ടീസുകൾ വന്നു. ആദ്യദിനം പ്രമേയം ചർച്ചയ്‌ക്കെടുത്തു. ചാനൽ ചർച്ചയിലെ പരാമർശമായിരുന്നു 30ന്റെ വിഷയം. നോട്ടീസ് സ്‌പീക്കർ അംഗീകരിച്ചില്ല. അന്നും ബഹളംവച്ച് ഇറങ്ങിപ്പോയി. ഇൗ മാസം രണ്ടുദിവസമേ ഇതുവരെ ചേർന്നുള്ളു എങ്കിലും ചർച്ചയ്‌ക്ക് നോട്ടീസ് നൽകാതെ തുടർച്ചയായി ബഹളമുണ്ടാക്കുകയായിരുന്നു പ്രതിപക്ഷാംഗങ്ങൾ. സുപ്രധാന ബില്ലുകൾ സഭ അംഗീകരിച്ച് നടപടികൾ പൂർത്തിയാക്കി.









0 comments