സഭ നടത്താൻ അനുവദിക്കില്ലെന്ന് സ്പീക്കറെ ഭീഷണിപ്പെടുത്തി സതീശൻ
മറുപടി പൊള്ളി ഒളിച്ചോടി ; ഒളിച്ചോട്ടം പാതിവില തട്ടിപ്പിന് മുഖ്യമന്ത്രി മറുപടി പറയുംമുമ്പ്


മിൽജിത്ത് രവീന്ദ്രൻ
Published on Feb 14, 2025, 01:07 AM | 1 min read
തിരുവനന്തപുരം : പാതിവില തട്ടിപ്പിലെ ചർച്ച ഒഴിവാക്കാൻ സ്‌പീക്കറെ ഭീഷണിപ്പെടുത്തിയും നിലവിട്ട് പെരുമാറിയും സഭാനടപടികളിൽനിന്ന് ഒളിച്ചോടി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് സഭാനടപടി അലങ്കോലമാക്കിയത്. പാതിവില തട്ടിപ്പ് സംബന്ധിച്ച സബ്‌മിഷന് മുഖ്യമന്ത്രി മറുപടി പറയുംമുമ്പാണ് പ്രതിഷേധം. തട്ടിപ്പിലെ കോൺഗ്രസ് ബന്ധം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ മറുപടി പൊള്ളിക്കുമെന്ന തിരിച്ചറിവിലായിരുന്നു ഇത്.
ബജറ്റ്, കിഫ്‌ബി വിഷയങ്ങളിൽ പ്രതിപക്ഷം ഉയർത്തിയ ആക്ഷേപങ്ങൾ ബുധനാഴ്‌ച മുഖ്യമന്ത്രിയും മന്ത്രിമാരും കണക്കുകൾ നിരത്തി പൊളിച്ചടുക്കിയതിന്റെ ജാള്യത്തിലാണ് പ്രതിപക്ഷം വ്യാഴാഴ്‌ച സഭയിലെത്തിയത്. കഴിഞ്ഞദിവസം ധനമന്ത്രി വിശദമായി മറുപടി പറഞ്ഞ, എസ്‌സി–-എസ്‌ടി ഫണ്ട് വെട്ടിക്കുറച്ചെന്ന ആക്ഷേപമാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യാനുള്ള ഉപക്ഷേപമായി പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷ ആരോപണം മന്ത്രിമാരായ കെ എൻ ബാലഗോപാലും ഒ ആർ കേളുവും പൊളിച്ചു. തുടർന്ന് നടത്തിയ വാക്കൗട്ട് പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലവിട്ട് പെരുമാറിയത്.
ബുധനാഴ്‌ച സ്‌പീക്കറോട് തട്ടിക്കയറിയ പ്രതിപക്ഷ നേതാവ്, വ്യാഴാഴ്‌ച ഒരുപടികൂടി കടന്ന് ഭീഷണി മുഴക്കി. തന്നെ നിയന്ത്രിക്കാൻ സ്‌പീക്കറെ അനുവദിക്കില്ലെന്നും സഭ നടത്തിക്കൊണ്ടുപോകില്ലെന്നുമായിരുന്നു ഭീഷണി. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ സ്‌പീക്കറുടെ മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. വാക്കൗട്ട് പ്രസംഗം ഒമ്പതു മിനിട്ടായെന്ന് സ്‌പീക്കർ ഓർമിപ്പിച്ചതാണ് സതീശനെ ചൊടിപ്പിച്ചത്. ‘നിങ്ങളുടെ ഔദാര്യമല്ലെന്നും എന്റെ അവകാശമാണ് ഇതെന്നു’മായിരുന്നു സതീശന്റെ മറുപടി.
‘സ്‌പീക്കർ നീതി പാലിക്കുക’ എന്നെഴുതിയ, മുൻകൂട്ടി കരുതിയ ബാനർ ഉയർത്തിയായിരുന്നു ബഹളം. തുടർന്ന് സബ്‌മിഷനും ശ്രദ്ധക്ഷണിക്കലും അവതരിപ്പിക്കാൻ ക്ഷണിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങൾ സീറ്റിലുണ്ടായില്ല. ഭരണപക്ഷാംഗങ്ങൾ സബ്‌മിഷനും ശ്രദ്ധക്ഷണിക്കലും അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിൽ സഭ നടത്തിക്കൊണ്ടുപോകാൻ കഴിയാതായതോടെ ബജറ്റിലേക്കുള്ള ഉപധനാഭ്യർഥനകൾ പാസാക്കിയും രണ്ടു ബില്ലുകളും സബ്‌ജക്ട് കമ്മിറ്റിക്കുവിട്ടും സഭ പിരിയുകയാണെന്ന് സ്‌പീക്കർ അറി യിച്ചു.









0 comments