കരാറുകാരനെ തള്ളി നീതൂസ് അക്കാദമി; വീടിന്റെ ചെലവ് 15 ലക്ഷത്തിലധികം


സ്വന്തം ലേഖകൻ
Published on Aug 02, 2025, 10:14 AM | 1 min read
കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിത കുടുംബത്തിന് നിർമിച്ചുനൽകിയ 785 സ്ക്വയർ ഫീറ്റ് വീടിന്റെ ചെലവ് 15 ലക്ഷം രൂപയിൽ കൂടുതലാണെന്ന് നീതൂസ് അക്കാദമി. വീട് നിർമിച്ച കരാറുകാരന്റെ വാദം തള്ളിയാണ് എറണാകുളം ആസ്ഥാനമായ അക്കാദമി രംഗത്തെത്തിയത്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കും വിധം മുണ്ടക്കൈ ടൗൺഷിപ്പിൽ ആയിരം ചതുരശ്രയടിയിൽ സർക്കാർ നിർമിക്കുന്ന വീടും നീതൂസ് അക്കാദമി നിർമിച്ച വീടും താരതമ്യം ചെയ്ത് കരാറുകാരൻ സമൂഹമാധ്യമത്തിൽ വ്യാജപ്രചാരണം നടത്തിയിനെ തുടർന്നാണ് അക്കാദമി വസ്തുത വെളിപ്പെടുത്തി ഒൗദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ കുറിപ്പിട്ടത്. 15 ലക്ഷം രൂപയ്ക്ക് വീടിന്റെ പണിതീർക്കാൻ കഴിയില്ലെന്നും ഇന്റീരിയർ ഉൾപ്പെടെയുള്ളവയ്ക്ക് കൂടുതൽ തുക വിനിയോഗിച്ചെന്നുമാണ് കുറിപ്പ്.
മുണ്ടക്കൈ–ചൂരൽമലക്കാരുടെ പേരിൽ രാഷ്ട്രീയപ്രേരിതമായി കർമസമിതിയുണ്ടാക്കി സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കെതിരെ തുടക്കംമുതൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് വീട് നിർമിച്ച കരാറുകാരൻ. വസ്തുതകൾ മറച്ചുവച്ചുള്ള ഇദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ദുരന്തബാധിതരും ആളുകളും തെറ്റിദ്ധരിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം ശക്തമായി. ഇതോടെയാണ് വീട് നിർമിച്ചവർതന്നെ കരാറുകാരനെതിരെ രംഗത്തെത്തിയത്. ‘ഞങ്ങൾ വീട് പണിയാൻ ഏൽപ്പിച്ച കോൺട്രാക്ടർ വയനാട്ടുകാരനാണ്. എറണാകുളത്തുള്ള കോൺട്രാക്ടറെ കൊണ്ടുപോയി ജോലി ചെയ്യിപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇദ്ദേഹത്തിന്റെ ക്വട്ടേഷൻ കണ്ട് വർക്ക് ഏൽപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം ഞങ്ങൾക്ക് അറിയില്ലെന്നു’മാണ് നീതൂസ് അക്കാദമിയുടെ വിശദീകരണം.
സമൂഹത്തോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായി ചെയ്ത കാര്യത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. ഉരുൾദുരന്തം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഇനിയും സർക്കാർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾക്ക് കൂടെയുണ്ടാകുമെന്നും ഇവർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.









0 comments