തിരുവനന്തപുരത്ത് ഇനി നൃത്തരാവുകൾ: നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണർന്നു

nisagandhi

കഥക് കലാകാരൻ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിക്ക് മന്ത്രി പുരസ്കാരം സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Feb 14, 2025, 09:15 PM | 2 min read

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ 2025 ലെ നിശാഗന്ധി നൃത്തോത്സവത്തിന് തിരുവനന്തപുരം കനകക്കുന്നിൽ അരങ്ങുണർന്നു. നൃത്തോത്സവം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളുടെ സ്വതന്ത്രമായ ആവിഷ്കാരത്തിന് നിശാഗന്ധി നൃത്തോത്സവം വേദിയൊരുക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കല പരിപോഷിപ്പിക്കുമ്പോൾ നന്മയെ തന്നെയാണ് വളർത്തുന്നത്. കലയിലൂടെയുള്ള ബോധപൂർവ്വമായ ഇടപെടൽ സമൂഹ നന്മയ്ക്ക് ആവശ്യമാണ്. വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ. കലയിലൂടെ ഈ വൈവിധ്യത്തിൻറെ ആഘോഷമാണ് നിശാഗന്ധി നൃത്തോത്സവം സാധ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.


നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ നിശാഗന്ധി പുരസ്കാരം പ്രശസ്ത കഥക് കലാകാരൻ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിക്ക് മന്ത്രി സമ്മാനിച്ചു. ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജയ്പൂർ ഘരാനയിൽ പരിശീലനം നേടിയ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി കഥക് അവതരണത്തിലെ നൂതന ശൈലിയിലൂടെ ശ്രദ്ധേയനായ കലാകാരനാണ്. ചടങ്ങിൽ എ എ റഹിം എംപി അധ്യക്ഷനായി.


നൃത്തോത്സവത്തോടനുബന്ധിച്ച് ഏഴു ദിവസം നീണ്ടുനിൽക്കുന്ന നിശാഗന്ധി കഥകളി മേളയ്ക്കും കനകക്കുന്നിൽ തുടക്കമായി. എല്ലാ ദിവസവും വൈകിട്ട് 5.30 ന് കനകക്കുന്ന് കൊട്ടാരത്തിനകത്തെ വേദിയിലാണ് കഥകളി നടക്കുക. ഉദ്ഘാടന ചടങ്ങിനു ശേഷം പാർശ്വനാഥ് എസ് ഉപാധ്യായ, ആദിത്യ പി വി എന്നിവരുടെ ഭരതനാട്യവും പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയും സംഘവും അവതരിപ്പിച്ച കഥകും അരങ്ങേറി. ഫെബ്രുവരി 20 വരെയാണ് നൃത്തോത്സവം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങി നൃത്തരംഗത്തെ പ്രഗത്ഭ കലാകാരൻമാർ നിശാഗന്ധി നൃത്തോത്സവത്തിൻറെ ഭാഗമാകും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.


നാളെ ബിദ്യ ദാസ്, ലക്കി പ്രജ്ന പ്രതിഷിത മൊഹന്തി എന്നിവരുടെ ഒഡീസി, അമൃത ലാഹിരിയുടെ കുച്ചിപ്പുടി, ഡോ. മേതിൽ ദേവികയുടെയും സംഘത്തിൻറെയും മോഹിനിയാട്ടം എന്നിവ അരങ്ങേറും. 16ന് സാന്ദ്ര പിഷാരടിയുടെ മോഹിനിയാട്ടം, വിദ്യ സുബ്രഹ്മണ്യൻറെ ഭരതനാട്യം, വൈജയന്തി കാശി, പ്രതീക്ഷ കാശി എന്നിവരുടെ കുച്ചിപ്പുടി. 17 ന് ലക്ഷ്മി രഘുനാഥിൻറെ കുച്ചിപ്പുടി, ഡോ. ജാനകി രംഗരാജൻറെ ഭരതനാട്യം, ഹരി, ചേതന എന്നിവരുടെ കഥക്. 18 ന് അമൃത ജയകൃഷ്ണൻറെ ഭരതനാട്യം, അനിത ശർമയുടെ സത്രിയ, ശ്രീലക്ഷ്മി ഗോവർധനും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി. 19 ന് ഐശ്വര്യ മീനാക്ഷിയുടെ കുച്ചിപ്പുടി, സുജാത മോഹപത്രയുടെ ഒഡീസി, മീര ദാസിൻറെയും സംഘത്തിൻറെയും ഒഡീസി, സുനിത വിമലിൻറെ ഭരതനാട്യം. 20 ന് അർജുൻ സുബ്രഹ്മണ്യൻറെ ഭരതനാട്യം, ഡോ. നീനാ പ്രസാദിൻറെ മോഹിനിയാട്ടം, തിങ്കം ഭോജൻ കുമാർ സിംഹയുടെയും സംഘത്തിൻറെയും മണിപ്പൂരി, പ്രിയ ആകോട്ടിൻറെ ഭരതനാട്യം എന്നിവ നടക്കും.


കഥകളി മേളയുടെ ആദ്യ ദിവസം ബാലിവധം കഥ അരങ്ങേറി. 15 ന് കല്യാണസൗഗന്ധികം, 16 ന് ബകവധം, 17 ന് നളചരിതം രണ്ടാം ദിവസം, 18 ന് കംസവധം, 19 ന് ഉത്തരാസ്വയംവരം, 20 ന് രുക്മാംഗദചരിതം എന്നിവയാണ് അവതരിപ്പിക്കുന്നത്.


nisagandhiപണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയും സംഘവും അവതരിപ്പിച്ച കഥക്


nisagandhiപാര്‍ശ്വനാഥ് എസ് ഉപാധ്യായാ, ആദിത്യ പി വി എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യം



deshabhimani section

Related News

View More
0 comments
Sort by

Home