നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ചർച്ച തുടരുന്നു ; വിദ്വേഷ പ്രചാരണം പ്രതിസന്ധി

കോഴിക്കോട്
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ മതപണ്ഡിതരും ആക്‌ഷൻ കൗൺസിലും ചർച്ചയും ഇടപെടലും തുടരുന്നു. പ്രാദേശിക സർക്കാരുമായും കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായാണ് ചർച്ച. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടത്തിയ ചർച്ചകളെ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചിരുന്നു. എന്നാൽ, വിട്ടുവീഴ്‌ചക്ക് തയ്യാറല്ലെന്ന തലാലിന്റെ സഹോദരന്റെ നിലപാട് പ്രതിസന്ധിയായി.
മോചനത്തിനെതിരെ യെമൻ ജനതക്കിടയിൽ വികാരമിളക്കിവിടുന്ന സമൂഹമാധ്യമ ഇടപെടലും നടക്കുന്നുണ്ട്. മലയാളികളടക്കമുള്ളവരാണ് തലാലിന്റെ സഹോദരന്റെ ഫെയ്‌സബുക്കിന് താഴെ വിദ്വേഷ പോസ്റ്റിടുന്നത്. നിമിഷപ്രിയക്ക് മാപ്പ് നൽകരുതെന്നും തലാലിന് നീതികിട്ടുംവരെ പോരാടണമെന്നും ആഹ്വാനംചെയ്യുന്ന കമന്റുകളാണ് മിക്കതും. സഹോദരന്റെ രക്തംവിറ്റ് പണം സമ്പാദിക്കുന്നുവെന്ന കുറ്റപ്പെടുത്തലുകളുമുണ്ട്. വധശിക്ഷ ഒഴിവാക്കാൻ ഇടപെട്ട കാന്തപുരത്തെയും യെമനിലെ പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹാഫിളിനെയും അധിക്ഷേപിച്ച് കമന്റുകളുമുണ്ട്. ഇത് നിമിഷപ്രിയയുടെ മോചനത്തിന് തടസ്സമാകുമെന്ന് ആശങ്കയുണ്ട്.









0 comments