പാട്ടിന്റെ സ്‌നേഹസ്‌പർശമായി കൂട്ടുകാരിയെ കാണാൻ നിലമ്പൂർ ആയിഷയെത്തി

ചികിത്സയിൽ കഴിയുന്ന പ്രിയ കൂട്ടുകാരി ഇന്ദ്രാണി വിശ്വനാഥിന് മുന്നിൽ വിതുമ്പുന്ന നിലമ്പൂർ ആയിഷ

എം സനോജ്
Published on Mar 06, 2025, 05:00 PM | 1 min read
നിലമ്പൂർ: ‘ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ... എന്നെ കല്ലെറിയല്ലേ...’ മർദനമേറ്റ് ആശുപത്രിയിൽ കിടക്കുന്ന തന്നെ കാണാനെത്തിയ പ്രിയകൂട്ടുകാരി നിലമ്പൂർ ആയിഷയ്ക്ക് മുൻപിൽ എടക്കണ്ടിയിൽ ഇന്ദ്രാണി വിശ്വനാഥ് നാടകഗാന വരികൾ പാടി. ആയിഷയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഇന്ദ്രാണി, ആയിഷയുടെ കണ്ണീർ തുടച്ചു. ‘എനിക്ക് ഒന്നുമില്ലെടി. എല്ലാം ഭേദമാവും’– ഇന്ദ്രാണി പറഞ്ഞു. ‘നിനക്ക് ഞാനുണ്ടാകും’– ഇന്ദ്രാണിയെ നിലമ്പൂർ ആയിഷ ആശ്വാസിപ്പിച്ചു. ആയിഷയുടെ ആശ്വാസവാക്കിൽ ഇന്ദ്രാണി ടീച്ചർ ആയിഷക്കായി പാട്ടുപാടി. വേദനകൾ മാഞ്ഞു.
ചൊവ്വാഴ്‌ചയാണ് ഇന്ദ്രാണിക്ക് അയൽവാസിയുടെ മർദനമേറ്റത്. മുഖത്തും ശരീരത്തിലും പരിക്കേറ്റ ഇവരെ അയൽവാസികളാണ് രക്ഷപ്പെടുത്തി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. വിവരമിഞ്ഞ് നിലമ്പൂർ ആയിഷ ആശുപത്രിയിൽ നേരിട്ടെത്തി. നോമ്പുതുറയുടെ ഭാഗമായുള്ള ഭക്ഷണവും നൽകി.
നിലമ്പൂർ ആയിഷയോടെപ്പം കലാരംഗത്ത് മലബാറിൽ തിളങ്ങി നിന്നിരുന്ന പ്രതിഭയാണ് ഇന്ദ്രാണി. ഇരുവരും സുഹൃത്തുകളായിരുന്നു. നിലമ്പൂർ ആയിഷ നാടകരംഗത്തും ഇന്ദ്രാണി വിശ്വനാഥ് മോഹിനിയാട്ടം, ഭരതനാട്യം എന്നീ നൃത്തയിനങ്ങളിലും കലാരംഗത്ത് തിളങ്ങി. കെ ടി മുഹമ്മദിനൊപ്പം പ്രാദേശിക നാടകവേദികളിൽ നിലമ്പൂർ ആയിഷയോടെപ്പം സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
ആര്യാ പളളത്തിൻറെ സ്ത്രീകൾ മാത്രം അഭിനയിച്ച തൊഴിൽ കേന്ദ്രത്തിലേക്ക് നാടകത്തിലും വേഷമിട്ടിട്ടുണ്ട്. പത്താം വയസിൽ ഒറ്റപാലം കേരള കലാകേന്ദ്രത്തിലൂടെ കലാരംഗത്ത് എത്തുകയും നാഗ്പൂർ, ഡൽഹി, ചൈന്നൈ തുടങ്ങി പ്രധാനവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നിലമ്പൂർ ആയിഷയോടെപ്പം നിരവധി വേദികളും പങ്കിട്ടുണ്ട്. മലബാറിൽ മോഹനിയാട്ടത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ഇന്ദ്രാണി വിശ്വനാഥ്. ജ്യോതി കലാകേന്ദ്രത്തിലൂടെ നിരവധിപേരെ നൃത്തം പഠിപ്പിച്ചു. മയ്യന്താനിയിലെ സി എച്ച് കോളനിയിലെ മൂന്ന് സെന്റ് പുരയിടത്തിലാണ് താമസം. ശിഷ്യമാരുടെ സഹായത്താലാണ് ജീവിതം മുന്നോട്ട് നീക്കുന്നത്.









0 comments