നിലമ്പൂർ തെരഞ്ഞെടുപ്പ്: യുഡിഎഫ് 10482 വോട്ടുകൾക്ക് മുന്നിൽ

നിലമ്പൂർ: നിലമ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് 10482 വോട്ടുകൾക്ക് മുന്നിൽ. 016നുശേഷം ഇപ്പോഴാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായിരുന്ന പി.വി.അൻവറിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇതുവരെയുള്ള കണക്കനുസരിച്ച് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്തെങ്കിലും അവസാനം യുഡിഎഫ് പിടിച്ചു.
ജൂൺ 19ന് നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 1224 വോട്ടുകൾ കൂടുതൽ പോൾ ചെയ്തിരുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 173443 വോട്ടാണ് ആകെ പോൾ ചെയ്തതെങ്കിൽ 2025ലെ ഉപതിരഞ്ഞെടുപ്പിൽ 174667 വോട്ടാണ് പോൾ ചെയ്യപ്പെട്ടത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 76.71 ആയിരുന്നു. എന്നാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിംഗ് 70.99 ശതമാനം ആയിരുന്നു. എന്നാൽ 2025ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിംഗ് 61.91 ശതമാനം മാത്രമായിരുന്നു. ഈ നിലയിൽ സമീപകാലത്ത് കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്ന നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ട്രെൻഡ് സെറ്ററാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.









0 comments