എൻജിഒ അസോസിയേഷൻ പിടിച്ചെടുക്കാൻ നിയമവിരുദ്ധ ശ്രമമെന്ന് പരാതി

തിരുവനന്തപുരം: എൻജിഒ അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാറിനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കി സംഘടനയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ കെപിസിസി ഭാരവാഹികളിൽ ഒരുവിഭാഗം ശ്രമിക്കുന്നതായി ആരോപണം. സംഘടനയിൽനിന്ന് പുറത്താക്കിയ ജാഫർ ഖാനെ പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കാനാണ് ഇൗ വിഭാഗത്തിന്റെ ശ്രമം. മുന്പ് എൻജിഒ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി ഓഫീസിന്റെ അവകാശത്തെച്ചൊല്ലി ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് ജാഫർ ഖാനെ പുറത്താക്കിയത്. ഇൗ തർക്കം സംബന്ധിച്ച് കോടതിയിൽ കേസ് നടക്കുകയാണ്. കോടതി നിയോഗിച്ച അഭിഭാഷക കമീഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കേസിൽ വിധി വരുംമുന്പ് നിയമവിരുദ്ധമായി അട്ടിമറി നടത്താനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്ന് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവർ പറയുന്നു. സർക്കാർ ജീവനക്കാരുടെ സംഘടനയിൽ കോൺഗ്രസ് നേതാക്കൾ ഇടപെടുന്നതിനെ ചെറുക്കുമെന്നും ഇവർ വ്യക്തമാക്കി. നിയമവിരുദ്ധ നീക്കങ്ങൾ കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ചവറ ജയകുമാർ അറിയിച്ചു. കോടതിവിധി എതിരാകുമെന്ന ഭയം കാരണമാണ് എതിരാളികൾ മറ്റ് മാർഗങ്ങൾ തേടുന്നതെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.









0 comments