എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്; നിർമാണത്തിന് 12 കോടി രൂപ

k n balagopal
വെബ് ഡെസ്ക്

Published on Aug 30, 2025, 07:06 PM | 1 min read

കൊച്ചി : എറണാകുളത്ത് കാരിക്കാമുറിയിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമാണത്തിന് സർക്കാർ 12 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന്റെ പ്രാരംഭ നടപടികൾക്കായി മന്ത്രി നടത്തിയ സന്ദർശനത്തിലാണ് പ്രഖ്യാപനം.


നഗരത്തിന്റെ തന്നെ മുഖച്ഛായയായി മാറ്റുന്ന ഒന്നാണ് ബസ് സ്റ്റാൻഡ്. സംസ്ഥാനത്തെ ബസ് സ്റ്റാൻഡുകളുടെ നവീകരണത്തിനായി വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. നഗരവികസനം, വെള്ളക്കെട്ട് എന്നിവ മൂലം എറണാകുളം ബസ് സ്റ്റാൻഡ് അതീവ ശോച്യാവസ്ഥയിലാണ്. ബസ് സ്റ്റാൻഡ് നിർമാണത്തിന് സിഎസ്എംഎല്ലുമായി കരാർ ഉണ്ടായിരുന്നെങ്കിലും കാലാവധി കഴിഞ്ഞതിനെ തുടർന്ന് സർക്കാർ നേരിട്ട് പണം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.


കാരിക്കാമുറിയിൽ കെഎസ്ആർടിസിയുടെ തന്നെ സ്ഥലത്താണ് നിർദ്ദിഷ്ട ബസ് സ്റ്റാൻഡ്. സൗത്ത് റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവ അടുത്തു വരുന്നത് യാത്രക്കാർക്ക് എളുപ്പമാകും. പദ്ധതിയുടെ അന്തിമ രൂപരേഖ ഉടൻ തയാറാകും. കെഎസ്ആർടിസി ബസുകളുടെ നവീകരണത്തിനും പുതിയ ബസുകൾ കൂടുതലായി നിരത്തിൽ ഇറക്കുന്നതിനും സർക്കാർ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home