തീര്‍ഥാടനകാലത്ത് ട്രോമാ കെയറടക്കം അധികസേവനങ്ങള്‍

നിലയ്ക്കലില്‍ പുതിയ ആശുപത്രി; നിർമാണം ശബരിമല സീസണുമുമ്പ്‌ തുടങ്ങും

Nilakkal hospital

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നിലയ്‌ക്കലിൽ നിർമിക്കുന്ന ആശുപത്രിക്കായി മണ്ണുപരിശോധന നടത്തുന്നു

avatar
സി ജെ ഹരികുമാർ

Published on Jul 19, 2025, 01:42 PM | 1 min read

പത്തനംതിട്ട: ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്‌ക്കലിൽ ആരോഗ്യവകുപ്പിന്റെ അത്യാധുനിക ആശുപത്രി നിർമാണം ഉടൻ തുടങ്ങും. നിർമാണത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട്‌ പൂർത്തിയായി. ഈ മണ്ഡല–- മകരവിളക്ക്‌ സീസണുമുമ്പ്‌ നിർമാണം തുടങ്ങാനാണ്‌ തീരുമാനം. 6.12 കോടി ചെലവിൽ 10,700 സ്‌ക്വയർ ഫീറ്റ്‌ മൂന്നുനില കെട്ടിടമാണ്‌ നിർമിക്കുന്നത്‌. ഇതിനായി അരയേക്കറിലധികം ഭൂമി ദേവസ്വം ബോർഡ്‌ ആരോഗ്യവകുപ്പിന്‌ കൈമാറി. നിലയ്‌ക്കൽ പിഡബ്ല്യുഡി ഓഫീസിന്‌ സമീപത്തായി മാസ്‌റ്റർ പ്ലാനിലുള്ള ലോട്ട്‌ വൺ പാർക്കിങ് ഗ്രൗണ്ടിലാണ്‌ ആശുപത്രി പണിയുക.


സ്ഥലത്തെ മണ്ണ്‌ പരിശോധനയടക്കം പൂർത്തിയായി വിശദറിപ്പോർട്ട്‌ ആരോഗ്യവകുപ്പ്‌ ഭരണാനുമതിയ്‌ക്കായി സംസ്ഥാന ആരോഗ്യകേരളം മിഷൻ ഡയറക്ടർക്ക്‌ സമർപ്പിച്ചു. ജൂലൈയിൽ തന്നെ ഭരണാനുമതി വാങ്ങി ടെൻഡറിലേക്ക്‌ കടക്കും. വാപ്‌കോസാണ്‌ നിർവഹണ ഏജൻസി. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ്‌ ശ്രമം. എട്ട്‌ ബെഡുള്ള ഇന്റൻസീവ്‌ കെയർ യൂണിറ്റും തീർഥാടന കാലയളവിൽ ട്രോമ കെയർ സംവിധാനമടക്കം ആശുപത്രിയിലുണ്ടാകും. സീസണൊഴികെയുള്ള മാസങ്ങളിലും പ്രദേശവാസികൾക്കും ആദിവാസി മേഖലയിലടക്കമുള്ളവർക്കും ആശുപത്രി സഹായമാകും.


nilakkal hospital soil testing


മോഡേൺ മെഡിസിനൊപ്പം ആയുഷിനും പ്രാധാന്യം നൽകും. മൂന്ന്‌ നിലകളിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജമാക്കുക. ഒന്നാംനിലയിൽ 12 കിടക്കയുള്ള അത്യാഹിതവിഭാഗം, ഒപി വിഭാഗങ്ങൾ, ഒബ്‌സർവേഷൻ വാർഡ്, ലാബ്, സാമ്പിൾ കളക്ഷൻ മുറികൾ എന്നിവയുണ്ടാകും. ഇസിജി റൂം, ഡ്രെസിങ് റൂം, ഫാർമസി, സ്റ്റോർ, പൊലീസ് ഹെൽപ്പ്‌ ഡെസ്‌ക്, ലിഫ്റ്റുകൾ, അറ്റാച്ച്ഡ് ശുചിമുറികൾ എന്നീ സൗകര്യങ്ങളും ആശുപത്രിയിലുണ്ടാകും. എല്ലാവിധ സൗകര്യങ്ങളുമുള്ള മൈനർ ഓപ്പറേഷൻ തിയറ്റർ, എക്‌സ്‌റേ റൂം, 13 കിടക്കയുള്ള വാർഡ്, ഡോക്‌ടർമാരുടേയും നഴ്‌സുമാരുടേയും മുറികൾ, കോൺഫറൻസ് ഹാൾ, ഓഫീസ് എന്നിവയാണ് രണ്ടാംനിലയിൽ ഒരുക്കുന്നത്. പ്രളയത്തിനുശേഷം നിലയ്‌ക്കൽ ശബരിമല ബേസ്‌ ക്യാമ്പായി മാറിയതോടെ സ്‌പെഷ്യാലിറ്റി ആശുപത്രിയെന്ന ദീർഘകാല ആവശ്യമാണ്‌ സാക്ഷാൽക്കരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home