നെന്മാറ ഇരട്ടക്കൊലക്കേസ് ; ‘സുധാകരനെ ലക്ഷ്യമിട്ടു , നിലവിളിച്ചപ്പോൾ ലക്ഷ്‌മിയേയും പൂശി’

ബിമൽ പേരയം
Published on Feb 05, 2025, 12:04 AM | 1 min read
പാലക്കാട്
‘സുധാകരനെ മാത്രമാണ് കൊല്ലാൻ ശ്രമിച്ചത്, നിലവിളിച്ച് ഓടിവന്നപ്പോൾ ലക്ഷ്‌മിയെ പൂശിക്കളഞ്ഞു’. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസിനോട് ഒരു സങ്കോചവുമില്ലാതെ പറഞ്ഞു. കോടതിയിൽനിന്ന് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതി നടത്തിയ വെളിപ്പെടുത്തൽ കേട്ട് നാട്ടുകാരും പകച്ചു.
ആലത്തൂർ ഡിവൈഎസ്‌പി എൻ മുരളീധരൻ തിങ്കളാഴ്‌ച നൽകിയ കസ്‌റ്റഡി അപേക്ഷയെ തുടർന്നാണ് തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യലിനും രണ്ടു ദിവസത്തേക്ക് പ്രതിയെ കൈമാറിയത്. ബുധൻ പകൽ മൂന്നുവരെയാണ് കസ്‌റ്റഡി അനുവദിച്ചത്. വിയ്യൂർ ജയിലിൽനിന്ന് ചൊവ്വ പകൽ 11ന് മെഡിക്കൽ പരിശോധന പൂർത്തിയാക്കിയശേഷം ആലത്തൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി . ഇവിടെനിന്ന് പൊലീസ് വാനിൽ പകൽ പോത്തുണ്ടി ബോയൻ കോളനിയിൽ തെളിവെടുപ്പിന് എത്തിച്ചു. വൻ പൊലീസ് സന്നാഹം സുരക്ഷ ഒരുക്കി.
നാട്ടുകാർ വൈകാരികമായി പ്രതികരിക്കുമെന്ന് കരുതിയെങ്കിലും അങ്ങനെയുണ്ടായില്ല. തുടർന്ന് ചെന്താമരയുടെ വീട്ടിൽ പരിശോധന നടത്തി. കൃത്യം നടത്തിയ ശേഷം സമീപത്തെ മലയിലേക്ക് ഓടി രക്ഷപ്പെട്ട വഴിയും ചെന്താമര കാണിച്ചുകൊടുത്തു. ഡ്രോൺ ഉപയോഗിച്ച് വീഡിയോ ദൃശ്യങ്ങൾ പൊലീസ് പകർത്തി. 35 മിനിറ്റ് തെളിവെടുപ്പിനുശേഷം ചോദ്യം ചെയ്യലിന് ആലത്തൂർ സ്‌റ്റേഷനിൽ എത്തിച്ചു.
ആയുധങ്ങൾ വാങ്ങിയ എലവഞ്ചേരിയിലെ കടയിലെത്തിച്ച് ബുധനാഴ്‌ച തെളിവെടുക്കും. പിന്നീട് വിയ്യൂർ ജയിലിലേക്ക് മാറ്റും. പോത്തുണ്ടി തിരുത്തൻപാടം ബോയൻകോളനിയിൽ സുധാകരൻ (54), അമ്മ ലക്ഷ്മി (76) എന്നിവരെയാണ് ചെന്താമര (58) ജനുവരി 27ന് വെട്ടിക്കൊലപ്പെടുത്തിയത്. 2019 ആഗസ്‌ത് 31ന് സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തി ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ട് കൊലപാതകങ്ങൾകൂടി നടത്തിയത്.









0 comments