നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ നാളെ തെളിവെടുപ്പിന് എത്തിക്കും

ഫയൽ ചിത്രം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ചൊവ്വ രാവിലെ കസ്‌റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനായി കോടതിയിൽ തിങ്കളാഴ്‌ച പൊലീസ് കസ്‌റ്റഡി അപേക്ഷ നൽകും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഇയാൾ. പോത്തുണ്ടി തിരുത്തൻപാടം ബോയൻകോളനിയിൽ സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെ 27ന് രാവിലെയാണ് വീടിനുമുന്നിലിട്ട് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
2019 ആഗസ്‌ത് 31ന് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയശേഷമാണ് രണ്ട് കൊലപാതകം നടത്തിയത്. ഒളിവിൽ പോയെങ്കിലും 36 മണിക്കൂറിനകം പൊലീസ് പിടിച്ചു. പ്രതിയെ റിമാൻഡ് ചെയ്‌ത് ആലത്തൂർ സബ്‌ജയിലിലേക്കാണ് ആദ്യം അയച്ചത്. ഇവിടെ തടവുകാരുടെ എണ്ണം കൂടിയതിനാലും സുരക്ഷാപ്രശ്‌നത്താലും ജയിൽ അധികൃതർ നൽകിയ അപേക്ഷ സ്വീകരിച്ച് വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലാണ് നടന്നത്. പല കാര്യങ്ങളും അവ്യക്തമാണ്. ഉപേക്ഷിച്ചുപോയ ഭാര്യ വിലാസിനി, പ്രദേശവാസി പുഷ്‌പ, ഒരു പൊലീസുകാരൻ എന്നിങ്ങനെ മൂന്നുപേരെക്കൂടി കൊല്ലാനുണ്ടെന്ന് ചെന്താമര നാട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനെല്ലാം ഉത്തരം കിട്ടണമെങ്കിൽ കസ്‌റ്റഡിയിൽ വാങ്ങി വിശദചോദ്യംചെയ്യൽ വേണം. നാട്ടുകാർ വൈകാരികമായി പ്രതികരിക്കുമെന്നതിനാൽ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചാകും തെളിവെടുപ്പെന്ന് ആലത്തൂർ ഡിവൈഎസ്‌പി എൻ മുരളീധരൻ പറഞ്ഞു.









0 comments