നെന്മാറ ഇരട്ടക്കൊലപാതകം: പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും

പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിയ്യൂർ ജയിലിലുള്ള ചെന്താമരയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ നൽകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രതിയുമായി സംഭവസ്ഥലങ്ങളിൽ പൊലീസ് തെളിവെടുപ്പ് നടത്തും.
സുധാകരനും അമ്മ ലക്ഷ്മിയും വെട്ടേറ്റുവീണ സ്ഥലത്തും ചെന്താമര ഒളിച്ചുതാമസിക്കുകയും ആയുധങ്ങൾ സൂക്ഷിക്കുകയും ചെയ്ത സ്ഥലത്തും ഇയാളുടെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ്. സഹായികൾ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതുസംബന്ധിച്ച് തെളിവ് ലഭിക്കാനുണ്ട്. തെളിവെടുപ്പ് സമയത്തും ജനരോഷം ഉണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ എടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ ആലത്തൂർ ഡിവൈഎസ്‌പി എൻ മുരളീധരൻ പറഞ്ഞു. നെന്മാറ, മംഗലംഡാം, വടക്കഞ്ചേരി, കൊല്ലങ്കോട്, ആലത്തൂർ പൊലീസ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. എആർ ക്യാമ്പിൽനിന്ന് 500 പൊലീസിനെയും വിന്യസിച്ചു.









0 comments