നെന്മാറ ഇരട്ട കൊലപാതകം: അക്രമിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട്: നെന്മാറയിൽ ഇരട്ട കൊലപാതകം നടത്തി ഒളിവിൽ പോയ അക്രമി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് തിരച്ചിൽ നടത്തുന്നത്. ചെന്താമര കയറിപ്പോയെന്നു കരുതുന്ന വനത്തിനുള്ളിൽ നാട്ടുകാരുടെ സഹായത്തോടെ ഇന്നും വ്യാപക തിരച്ചിൽ നടത്തും. തമിഴ്നാട്ടിലും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്നലെ പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ നായ എത്തി നിന്നത് ചെന്താമരയുടെ തറവാട് വീടിന് സമീപത്തെ കുളത്തിനടുത്തായിരുന്നു. ഇവിടെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അക്രമി വിഷം കഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് ഇത്. കൊലപാതകത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന രക്തക്കറയുള്ള വെട്ടുകത്തിയും വടിയും മറ്റൊരു വടിവാളും ഇന്നലെ ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. ഉപയോഗിക്കാത്ത വിഷക്കുപ്പിയും കണ്ടെടുത്തു.
ഇതിനിടെ കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. അതിക്രൂരമായാണ് അക്രമി കൊലപാതകം നടത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളാണുള്ളത്. സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള ആറ് മുറിവുകളുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.
ഇന്നലെ രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമി ചെന്താമര വീടിനുമുന്നിലിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട് ഓടിവന്ന ലക്ഷ്‌മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
2019 ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ ചെന്താമര ഇപ്പോള്‍ ജാമ്യത്തിലാണ്. നെന്മാറ പഞ്ചായത്തിൽ കടക്കരുതെന്ന ഉപാധിയിലായിരുന്നു ജാമ്യം. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചത്. പോത്തുണ്ടിയിലെത്തി ആക്രമിക്കപ്പെട്ട കുടുംബത്തെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ സുധാകരനും മകൾ അഖിലയും പൊലീസിൽ പരാതി നൽകി. ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരിൽ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരിൽ പോയ ചെന്താമര ദിവസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.









0 comments