നെന്മാറ ഇരട്ട കൊലപാതകം: ചെന്താമരയുടെ ഫോൺ ഓണായതായി വിവരം; തിരച്ചിൽ ഊർജിതം

nenmara murder case
വെബ് ഡെസ്ക്

Published on Jan 28, 2025, 04:38 PM | 2 min read

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകത്തിൽ അക്രമി ചെന്താമരയ്ക്കായി തിരച്ചിൽ ഊർജിതം. വിവിധ ഇടങ്ങളായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ചെന്താമര സുഹൃത്തിന് വിറ്റു എന്ന് പറയുന്ന ഫോൺ ഒണായതായാണ് വിവരം. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസ് പറഞ്ഞു. മൊബൈലിൽ പല സിമ്മുകൾ ഉപയോ​ഗിച്ചിട്ടുള്ളതായും ചെന്താമരയുടെ സിം കാർഡ് മറ്റ് ഫോണുകളിലിട്ട് കോളുകൾ ചെയ്തതായും പൊലീസിന് വിവരം ലഭച്ചിട്ടുണ്ട്. ചെന്താമരയുടെ സഹോദരനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണത്തിൽ ബാക്കി നടപടി ക്രമങ്ങൾ ചെയ്ത് വരികയാണ്. പ്രതി ജാമ്യ അപേക്ഷ നൽകിയപ്പോഴും ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടപ്പോഴും നെന്മാറ പൊലീസ് ശക്തമായി എതിർത്തിരുന്നുവെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവത്തിൽ പൊലീസിന്റെ ഭാ​ഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വീഴ്ചയുണ്ടെഹ്കിൽ നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസ് അറിയിച്ചു.


ഇന്നലെ രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവർ കൊല്ലപ്പെട്ടത്. അക്രമി ചെന്താമര വീടിനുമുന്നിലിട്ടാണ്‌ ഇരുവരെയും കൊലപ്പെടുത്തിയത്‌. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട്‌ ഓടിവന്ന ലക്ഷ്‌മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിലുമാണ്‌ മരിച്ചത്‌. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്‌. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന്‌ ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്‌. ഈ കേസില്‍ ചെന്താമര ഇപ്പോള്‍ ജാമ്യത്തിലാണ്‌. നെന്മാറ പഞ്ചായത്തിൽ കടക്കരുതെന്ന ഉപാധിയിലായിരുന്നു ജാമ്യം. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചത്. പോത്തുണ്ടിയിലെത്തി ആക്രമിക്കപ്പെട്ട കുടുംബത്തെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ സുധാകരനും മകൾ അഖിലയും പൊലീസിൽ പരാതി നൽകി. ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരിൽ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരിൽ പോയ ചെന്താമര ദിവസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.


ചെന്താമരയ്ക്കായി തമിഴ്നാട്ടിലും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്നലെ പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ നായ എത്തി നിന്നത് ചെന്താമരയുടെ തറവാട് വീടിന് സമീപത്തെ കുളത്തിനടുത്തായിരുന്നു. ഇവിടെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ നടത്തി. അക്രമി വിഷം കഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് ഇത്. കൊലപാതകത്തിന്‌ ഉപയോഗിച്ചതായി സംശയിക്കുന്ന രക്തക്കറയുള്ള വെട്ടുകത്തിയും വടിയും മറ്റൊരു വടിവാളും ഇന്നലെ ഇയാളുടെ വീട്ടിൽനിന്ന്‌ കണ്ടെത്തിയിരുന്നു. ഉപയോഗിക്കാത്ത വിഷക്കുപ്പിയും കണ്ടെടുത്തു. രാവിലെ കൊലപാതകത്തിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്‌ പുറത്തുവന്നിരുന്നു. അതിക്രൂരമായാണ് അക്രമി കൊലപാതകം നടത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളാണ്ടായിരുന്നത്. സുധാകരന്റെ ശരീരത്തിൽ ആഴത്തിലുള്ള ആറ് മുറിവുകളുമുണ്ടായിരുന്നു.


























deshabhimani section

Related News

View More
0 comments
Sort by

Home