നെന്മാറ ഇരട്ട കൊലപാതകം: അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു

nenmara double murder

നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jan 28, 2025, 03:07 PM | 1 min read

നെന്മാറ (പാലക്കാട്‌): പോത്തുണ്ടിയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ്‌ പ്രതി വെട്ടിക്കൊലപ്പെടുത്തിയ തിരുത്തൻപാടം ബോയൻ കോളനിയിലെ ലക്ഷ്‌മിയുടെയും സുധാകരന്റെയും മൃതദേഹം സംസ്കരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകിയ മൃതദേഹം ചൊവ്വാഴ്‌ച ഉച്ചയോടെയാണ് വീട്ടിലെത്തിച്ചത്. ജനപ്രതിനിധികളും നാട്ടുകാരുമുൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. വക്കാവ് പൊതുശ്മശാനത്തിലാണ് ലക്ഷ്മിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. എലവഞ്ചേരി പൊതുശ്മശാനത്തിൽ സുധാകരന്റെ സംസ്‌കാര ചടങ്ങും നടന്നു.


തിങ്കൾ രാവിലെ പത്തോടെ വീടിനുമുന്നിലിട്ടാണ്‌ ഇരുവരെയും ചെന്താമര വെട്ടിക്കൊന്നത്‌. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട്‌ ഓടിവന്ന ലക്ഷ്‌മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്‌മി ആശുപത്രിയിലുമാണ്‌ മരിച്ചത്‌. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഒന്നരമാസംമുമ്പാണ്‌ ചെന്താമര ജാമ്യത്തിലിറങ്ങിയത്‌. ഒളിവിൽ പോയ അക്രമി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ് അറിയിച്ചു. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന നാലു ടീമുകളാണ് തിരച്ചിൽ നടത്തുന്നത്. ചെന്താമര കയറിപ്പോയെന്നു കരുതുന്ന വനത്തിനുള്ളിൽ നാട്ടുകാരുടെ സഹായത്തോടെ ഇന്നും വ്യാപക തിരച്ചിൽ നടത്തും. തമിഴ്നാട്ടിലും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.




ഇന്നലെ പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ നായ എത്തി നിന്നത് ചെന്താമരയുടെ തറവാട് വീടിന് സമീപത്തെ കുളത്തിനടുത്തായിരുന്നു. ഇവിടെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അക്രമി വിഷം കഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് ഇത്. കൊലപാതകത്തിന്‌ ഉപയോഗിച്ചതായി സംശയിക്കുന്ന രക്തക്കറയുള്ള വെട്ടുകത്തിയും വടിയും മറ്റൊരു വടിവാളും ഇന്നലെ ഇയാളുടെ വീട്ടിൽനിന്ന്‌ കണ്ടെത്തിയിരുന്നു. ഉപയോഗിക്കാത്ത വിഷക്കുപ്പിയും കണ്ടെടുത്തു. ഇതിനിടെ കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്‌ പുറത്തുവന്നു. അതിക്രൂരമായാണ് അക്രമി കൊലപാതകം നടത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളാണുള്ളത്. സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള ആറ് മുറിവുകളുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home