കൊലപാതകം ആസൂത്രിതം; ചെന്താമര തന്ത്രശാലിയായ കുറ്റവാളിയെന്ന്‌ എസ്‌പി

sp palakkad
വെബ് ഡെസ്ക്

Published on Jan 29, 2025, 11:14 AM | 1 min read


കൊല്ലങ്കോട്: പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര തന്ത്രശാലിയായ കുറ്റവാളിയെന്ന്‌ പൊലീസ്‌. കൊലപാതകം ആസൂത്രിതമായിരുന്നെന്നും അതിനായി ആയുധങ്ങൾ വാങ്ങിവെച്ചിരുന്നെന്നും പാലക്കാട്‌ എസ്‌പി അജിത്‌ കുമാർ മാധ്യമങ്ങളോട്‌ പറഞ്ഞു.കൊലയ്ക്കു ശേഷം പ്രതി പൊലീസിന്റെ നീക്കങ്ങൾ നീരീക്ഷിക്കുകയായിരുന്നു. വിഷം കഴിച്ചുവെന്ന ചെന്താമരയുടെ മൊഴി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നും എസ്‌പി പറഞ്ഞു. വൈദ്യ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്ന്‌ കണ്ടെത്തി.


പ്രതിയുമായി വീടു പരിശോധിച്ച്‌ കൂടുതൽ തെളിവുകൾ ശേഖരിക്കുകയും കൊലപാതകം പുനരാവിഷ്‌കരിക്കുകയും ചെയ്യുമെന്ന്‌ എസ്‌പി പറഞ്ഞു. പ്രതിയെ ഒരാഴ്‌ചയ്ക്കുള്ളിൽ കസ്റ്റഡിയിൽ വാങ്ങും. കുടുംബങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ്‌ കൊലയ്ക്കുകാരണമെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. 2019 ലെ ആദ്യകൊലയ്ക്കു ശേഷം ജാമ്യത്തിലിറങ്ങിയ ചെന്താമര കോഴിക്കോട്‌ കോറിയിൽ ജോലി ചെയ്യുകയായിരുന്നു. ആ ജോലി നഷ്‌ടപ്പെട്ടതിനു ശേഷമാണ്‌ ചെന്താമര തിരുത്തൻപാടത്തേക്ക്‌ വന്നത്‌. ഭാര്യ, മകൾ, മരുമകൻ ഉൾപ്പെടെ മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നൽകി. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരനെ കൊലപ്പെടുത്താൻ കാരണം. തലേ ദിവസം സുധാകരനുമായി തർക്കമുണ്ടായി. ഇതോടെയാണ് സുധാകരനെ കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home