നെഹ്‌റുട്രോഫ-ി വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്
വീരവിജയം വീയപുരം ; വിബിസിയുടെ വിജയം 38 വർഷത്തിനുശേഷം


ഫെബിൻ ജോഷി
Published on Aug 31, 2025, 01:03 AM | 2 min read
ആലപ്പുഴ
പുന്നമടയുടെ കായലാഴങ്ങളിലാണ്ടുപോയ ദൗർഭാഗ്യങ്ങളുടെ ഭൂതകാലത്തെ തുഴഞ്ഞെറിഞ്ഞ് വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ ഉദിച്ചുയർന്നു. കണക്കുകളെല്ലാം വീട്ടി നെട്ടായങ്ങളുടെ മാമാങ്കത്തിൽ പുതുരാജാവിന്റെ കിരീടധാരണം.
ഹൃദയതാളത്തെ പിടിച്ചുനിർത്തിയ ആവേശപ്പോരിൽ ഡബിൾ ഹാട്രിക് സ്വപ്നവുമായി എത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബിനെ തുഴഞ്ഞെറിഞ്ഞ് 71–ാമത് നെഹ്റുട്രോഫിയിൽ കൈനകരിക്കാർ മുത്തമിട്ടു. കഴിഞ്ഞ വർഷം മൈക്രോ സെക്കൻഡിന് നഷ്‌ടമായ വെള്ളിക്കിരീടം സമാനമായൊരു മത്സരത്തിൽ തിരിച്ചെടുത്ത് വിബിസിയും വീയപുരം ചുണ്ടനും മധുരപ്രതികാരംവീട്ടി. വിജയവരയിലേക്ക് കൈനകരിക്കാർ തുഴഞ്ഞടുത്തപ്പോൾ കായൽക്കരയാകെ ആവേശത്തിൽ ത്രസിച്ചു. 38 വർഷങ്ങൾക്ക് ശേഷമാണ് വിബിസിയിലൂടെ വള്ളംകളിയുടെ മക്കയെന്ന് അറിയപ്പെടുന്ന കൈനകരിയിലേക്ക് നെഹ്‌റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് എത്തുന്നത്. ബിഫി വർഗീസ് പുല്ലുക്കാട്ട് ക്യാപ്റ്റനും ബൈജു കുട്ടനാട് ലീഡിങ് ക്യാപ്‌റ്റനുമാണ്.
മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലായിരുന്നു വിബിസിയുടെ വിജയം. 1150 മീറ്റർ മത്സര ട്രാക്ക് വിബിസി തുഴഞ്ഞെത്തിയത് 4.21.084 മിനിറ്റിൽ. പിന്നാലെ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ 4.21.782 മിനിറ്റിലും പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടൻ 4.21.933 മിനിറ്റിലും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ 4.22.035 മിനിറ്റിലും വിജയവര കടന്നു. എന്നാൽ ജൂറി ഓഫ് അപ്പീലിന് പരാതി ലഭിച്ചതിനാൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ ഫലം പ്രഖ്യാപിച്ചിട്ടില്ല. വെപ്പ് എ ഗ്രേഡിന്റെ മത്സരഫലവും പ്രഖ്യാപിക്കാനുണ്ട്.
ഹീറ്റ്‌സുകളിൽ ഏറ്റവും കുറവ് സമയത്തിൽ ഫിനിഷ് ചെയ്‌ത നാല് വള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനാണ് ഹീറ്റ്‌സിൽ മികച്ച സമയംകുറിച്ചത് (4.20.904). രണ്ടാം ഹീറ്റ്‌സിൽനിന്ന് നടുഭാഗവും നിരണവും (4.21.782) ഫൈനൽ യോഗ്യത നേടി. ആറാം ഹീറ്റ്‌സിൽ വീയപുരവും (4.21.810) മൂന്നാം ഹീറ്റ്‌സിൽനിന്ന് മേൽപ്പാടവും (4.22.123) ഫൈനൽ ഉറപ്പിച്ചു.
വില്ലേജ് ബോട്ട് ക്ലബിന്റെ മൂന്നാം നെഹ്‌റുട്രോഫി വിജയമാണിത്. 1986ലും 1987 ലും സണ്ണി അക്കരക്കുളത്തിന്റെ ക്യാപ്‌റ്റൻസിയിൽ കാരിച്ചാൽ ചുണ്ടനിലായിരുന്നു മുൻവിജയങ്ങൾ. 2019–ൽ നീരണിഞ്ഞ വീയപുരം ചുണ്ടന്റെ രണ്ടാം വിജയമാണിത്. 2023ൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിലൂടെയാണ് ആദ്യ നെഹ്‌റുട്രോഫി നേട്ടം. മന്ത്രി പി എ മുഹമ്മദ് റിയാസ് വള്ളംകളി ഉദ്‌ഘാടനംചെയ്‌തു. മന്ത്രി പി പ്രസാദ് വിജയികൾക്ക് സമ്മാനം നൽകി.









0 comments