പുന്നമടയുടെ ഓളപ്പരപ്പിൽ രാജാവായി വീയപുരം

ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ
ആലപ്പുഴ: ആദ്യാവസാനം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഓളപ്പരപ്പിലെ രാജാവായി വിബിസി കൈനകരിയുടെ വീയപുരം ചുണ്ടൻ. 4:21.084 സെക്കന്റുകൾക്കൊണ്ടാണ് വീയപുരം ഫിനിഷ് ചെയ്തത്. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ രണ്ടാമതായി ഫിനിഷ് ചെയ്തു. കഴിഞ്ഞ തവണത്തെ ജേതാക്കളായ മേൽപ്പാടം മൂന്നാം സ്ഥാനത്തായി. ഒന്നാം ട്രാക്കിൽ മേൽപ്പാടം(പിബിസി പള്ളാതുരുത്തി), രണ്ടാം ട്രാക്കിൽ നിരണം(നിരണം ബോട്ട് ക്ലബ്), മൂന്നാം ട്രാക്കിൽ നടുഭാഗം( പുന്നമട ബോട്ട് ക്ലബ്), നാലാം ട്രാക്കിൽ വീയപുരം (വിബിസി കൈനകരി) എന്നിവർ അണിനിരന്ന ഫൈനൽ ലൈനപ്പിൽ നിന്ന് വീയപുരം വിജയം കൊയ്തപ്പോൾ പിറന്നത് നെഹ്റുട്രോഫിയിലെ പുതുചരിത്രം കൂടിയാണ്. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് വിബിസി കപ്പിൽ മുത്തമിടുന്നത്.
ഹാട്രിക് നഷ്‌ടമായ 1988, മൂന്നാം സ്ഥാനക്കാരായി മടങ്ങിയ 1990, മൈക്രോ സെക്കൻഡിന് പിന്നിലായ 2024 – ഇക്കുറി പുന്നമടയിലേക്ക് എത്തിയപ്പോൾ ദൗർഭാഗ്യങ്ങളുടെ ഭൂതകാലം വില്ലേജ് ബോട്ട് ക്ലബ് കൈനകരിയെ പിന്തുടർന്നില്ല. ആവേശത്തുഴച്ചിലിൽ വീയപുരം ഒന്നാമതെത്തിയപ്പോൾ ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ആരവമുയർന്നു. ഫിനിഷിങ് പോയിന്റിൽ നെഹ്‌റുവിന്റെ പൂർണകായ പ്രതിമയ്‌ക്ക് മുന്നിൽ വെള്ളിക്കപ്പിൽ വീയപുരം മുത്തമിട്ടു. മൂന്നരപ്പതിറ്റാണ്ടിനുശേഷം വള്ളംകളിയുടെ ആസ്ഥാനമായ കൈനകരിയിലേക്ക് കൈയൊപ്പിട്ട വെള്ളിക്കിരീടം വീയപുരം എത്തിച്ചു.
വീയപുരമെന്ന അപ്പർകുട്ടനാടൻ ഗ്രാമത്തിന്റെ ഒത്തൊരുമയിൽ പിറന്ന വീയപുരം ചുണ്ടൻ 2019ൽ ആണ് നീരണിയുന്നത്. കോഴിമുക്ക് സാബു നാരായണൻ ആചാരിയാണ് സ്രഷ്‌ടാവ്. 2022 നെഹ്‌റുട്രോഫിയിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ മൂന്നാമതായി. 2023ൽ പള്ളത്തുരുത്തി ബോട്ട് ക്ലബ്ബിലൂടെ നെഹ്‌റുട്രോഫി. 2024 വിബിസിയിലൂടെ കൈനകരിയിലെത്തേണ്ട നെഹ്‌റുട്രോഫി നഷ്‌ടമായത് മൈക്രോ സെക്കൻഡുകൾക്കായിരുന്നു.
പുന്നമടയിൽ പുതിയ കായൽ രാജാവിന്റെ ഉദയം കാണാനായി പതിനായിരങ്ങളാണ് തടിച്ചുകൂടിയിരുന്നത്. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതോടെ ആരംഭിച്ച വള്ളംകളി മാമാങ്കത്തിൽ 21 ചുണ്ടനുകളടക്കം 71 കളിവള്ളങ്ങളാണ് മത്സരിച്ചത്. 4.20ൽ ഫിനിഷ് ചെയ്ത് നടുഭാഗമാണ് ആദ്യം ഫിനിഷ് ചെയ്ത് ഫൈനലിലെത്തിയത്. കാരിച്ചാലും തലവടിയും ഫൈനൽ കാണാതെ പുറത്തായി.









0 comments