നഗരമധ്യത്തിൽ വിശ്രമത്തിനും വിനോദത്തിനുമായി ഒരു കേന്ദ്രം; നീറമൺകര ആഴാങ്കൽ പദ്ധതി സ്ഥലം സന്ദർശിച്ച് മന്ത്രി

തിരുവനന്തപുരം : നഗരമധ്യത്തിൽ വിശ്രമത്തിനും വിനോദത്തിനും ആയി കേന്ദ്രമൊരുങ്ങുന്നു. നേമം മണ്ഡലത്തിലെ നീറമൺകര ആഴാങ്കൽ പദ്ധതി പ്രകാരമാണ് തിരുവനന്തപുരം ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നൊരുങ്ങുന്നത്. മന്ത്രി വി ശിവൻകുട്ടി സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.
സംസ്ഥാന ജലസേചന വകുപ്പ് മുഖേനയാണ് കരമനയാറിന്റെ തീരത്തെ നീറമൺകര മുതൽ ആഴാങ്കൽ വരെയുള്ള നടപ്പാതയുടെ നവീകരണവും വികസനവും സൗന്ദര്യവൽക്കരണവും മുൻനിർത്തി പദ്ധതി തയ്യാറാക്കിയത്. പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി സ്മാർട്ട് സിറ്റിക്ക് സമർപ്പിച്ചു. 17.6 കോടി രൂപയുടെ ഭരണാനുമതിയാണ് സ്മാർട് സിറ്റി വഴി ലഭ്യമായത്.
കരമനയാറിന്റെ തീരത്തെ ആഴാങ്കൽ നടപ്പാത രണ്ട് കിലോമീറ്ററോളം നീളത്തിൽ നവീകരിക്കും. തറയോടുപാകിയ നടപ്പാത, പാർക്കിങ് സൗകര്യം എന്നിവ ഏർപ്പെടുത്തും. ആറിന്റെ തീരത്തെ കടവുകളുടെ സൗന്ദര്യവൽക്കരണവും റേഡിയോ പാർക്ക് സ്ഥാപിക്കലും പദ്ധതിയോട് അനുബന്ധിച്ച് നടക്കും. ഒരു കിലോമീറ്റർ നീളത്തിലുള്ള സൈക്കിൾ പാത നിർമാണവും നടക്കും. ആഴാങ്കൽ ഭാഗത്ത് 80 കാറുകൾ, 100 ബൈക്കുകൾ എന്നിവ ഒരേസമയം പാർക്ക് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള പാർക്കിങ് ഏരിയയും പദ്ധതിയുടെ പ്രത്യേകതയാണ്.
ഓപ്പൺ ജിം, പാർക്കുകൾ എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. നടപ്പാതക്ക് സമീപം ഇരിപ്പിടങ്ങളും സജ്ജമാക്കും. നിർമാണപ്രവർത്തനങ്ങളോടൊപ്പം ബണ്ട് ബലപ്പെടുത്തുന്ന ജോലികളും പൂർത്തീകരിച്ചിട്ടുണ്ട്. കരമന-ആഴാങ്കൽ നടപ്പാതയ്ക്കിടയിൽ ശങ്കർനഗർ കടവുകൾ ചേർന്നുള്ള ഭാഗത്ത് കൽപ്പടവുകളും ടൈൽസ് പാകിയ പവലിയനുമുണ്ടാകും. ഇവിടെ കലാപരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഓപ്പൺ തിയേറ്ററിന്റെ നിർമാണം പൂർത്തിയാകുകയാണ്.
ഇതിനുപുറമേ രണ്ട് ബോട്ട് ലാന്റിംഗ് സെന്ററും ബാൽക്കണിയുമുണ്ട്. പ്രദേശത്ത് കഫറ്റേരിയകൾ സജ്ജമാക്കും. രണ്ട് കിലോ മീറ്റർ വരുന്ന നടപ്പാതയോടനുബന്ധിച്ച് പദ്ധതിപ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കും. സന്ദർശകർക്ക് ആവശ്യമായ ആധുനിക ശൗചാലയങ്ങളും ഏർപ്പെടുത്തും.
നടപ്പാതയുടെ നിർമാണത്തോടനുബന്ധിച്ച നദീതീര സംരക്ഷണ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ നിലവിലുണ്ടായിരുന്ന നടപ്പാതയുടെ വീതി കൂട്ടുന്നതിനുള്ള പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. നടപ്പാതയിൽ ഇന്റർലോക്ക് വിരിക്കുന്ന പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്. ഫോട്ടോ ഷൂട്ട് പോയിന്റ്, ഫിഷിങ് പോയിന്റ് എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്.
പദ്ധതി പ്രദേശത്തിന്റെ പരിപാലനത്തിനായി ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തും. തലസ്ഥാന നഗരിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമായി പ്രദേശം വികസിക്കും. കരമനയാറിന്റെ കുറുകെ തൂക്കുപാലം നിർമിക്കുന്നതിനായി കെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.









0 comments