എൻസിഇആർടിയുടെ പാഠപുസ്തക പരിഷ്കരണം കാവിവൽക്കരണത്തിന്റെ ഉത്തമ ഉദാഹരണം: മന്ത്രി വി ശിവൻകുട്ടി

ന്യൂഡൽഹി : എൻസിഇആർടി ഈ വർഷം പരിഷ്കരിച്ച പുസ്തകങ്ങൾ കാവിവൽക്കരണത്തിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഏഴാം ക്ലാസിൽ ഈ വർഷം പരിഷ്കരിച്ച സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ നിന്നും മുഗൾ രാജവംശമടക്കം മുസ്ലിം രാജവംശങ്ങളെ പൂർണമായും ഒഴിവാക്കി പാഠപുസ്തകം ഹിന്ദു പുരാണങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ട ഇന്ത്യൻ സമൂഹത്തിൽ ഇത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 176ാം പേജിൽ കുംഭമേളയെ കുറിച്ചും അതിൽ 66 കോടി ജനങ്ങൾ പങ്കെടുത്തു എന്നും വിശദീകരിക്കുന്നു. പേജ് 89ൽ പലസ്ഥലങ്ങളിലായി കാവിക്കൊടികൾ കൊണ്ട് നിറച്ചിരിക്കുന്നു. കാലാവസ്ഥയെക്കുറിച്ചുള്ള അധ്യായം ആരംഭിക്കുന്നത് സുഭാഷിതം പറഞ്ഞു കൊണ്ടാണ്. നാലാം അധ്യായം ആരംഭിക്കുന്നത് ആർത്ഥശാസ്ത്രത്തിലെ വരികൾ ഉദ്ധരിച്ചു കൊണ്ടാണ്. ഇങ്ങനെ ഭാഗവതത്തിലെയും ഹിന്ദു പുരാണങ്ങളിലെയും വിവിധങ്ങളായിട്ടുള്ള ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് പാഠഭാഗങ്ങൾ മുഴുവൻ ആരംഭിക്കുന്നത് എന്ന് കാണാൻ കഴിയും. How the land become Sacred എന്ന അധ്യായം പൂർണമായും ഹൈന്ദവ വിശ്വാസങ്ങൾ വിവരിക്കുന്നതിനായി മാറ്റിവെച്ചിരിക്കുന്നു. മതനിരപേക്ഷതയും വ്യത്യസ്ത സംസ്കാരങ്ങളും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണഘടനയുള്ള നാട്ടിൽ ഇതുപോലെയാണോ നമ്മൾ നമ്മുടെ കുട്ടികളെ പഠിപ്പിക്കുവാൻ പാഠപുസ്തകങ്ങൾ തയ്യാറാക്കേണ്ടത് എന്നുള്ളത് ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും ചിന്തിക്കേണ്ട ഒന്നാണ്.
കേരളം ഒന്നു മുതൽ 10 വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും പരിഷ്കരിച്ചു കഴിഞ്ഞു. ഒമ്പതാം ക്ലാസിലെ പരീക്ഷകൾ അവസാനിക്കുന്നതിന് മുമ്പേ പത്താം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ട് നമ്മുടെ നാട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഈ പാഠപുസ്തകങ്ങൾ എല്ലാം തന്നെ പരിഷ്കരിച്ചത് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പാഠഭാഗങ്ങൾ ചേർത്തു കൊണ്ടാണ്. ഇതാണ് നമ്മുടെ കേരളം ഈ രാജ്യത്തിന് നൽകുന്ന ഏറ്റവും വലിയ സന്ദേശമെന്നും മന്ത്രി വ്യക്തമാക്കി.









0 comments