എൻ‌സി‌ഇആർ‌ടി നടപടികൾ ഭാഷാ വൈവിധ്യത്തെ തകർക്കുന്നത്; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

v sivankutty
വെബ് ഡെസ്ക്

Published on Apr 19, 2025, 05:53 PM | 1 min read

തിരുവനന്തപുരം : ഇംഗ്ലീഷ് മീഡിയത്തിലുള്ളവ ഉൾപ്പെടെ സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള എൻ‌സി‌ഇ‌ആർ‌ടിയുടെ സമീപകാല തീരുമാനങ്ങൾക്കെതിരെ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു. പൂർവി, മൃദംഗ്, സന്തൂർ, ഗണിത പ്രകാശ് എന്നിങ്ങനെയുള്ള പേരുകളാണ് ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് എൻസിഇആർടി നൽകിയിരിക്കുന്നത്. ഭാഷാ വൈവിധ്യത്തെയും ധാർമ്മികതയെയും ദുർബലപ്പെടുത്തുന്നതാണ് എൻ‌സി‌ആർ‌ടിയുടെ ഈ നീക്കം. സാംസ്കാരിക ഏകീകരണത്തിനുള്ള ശ്രമമായും വിദ്യാഭ്യാസ യാത്രയിലെ പിന്നോട്ടടിയായുമാണ് കേരളം ഇതിനെ കാണുന്നുത്- മന്ത്രി പറഞ്ഞു.


പാഠപുസ്തകങ്ങൾക്ക് പേരിടൽ കേവലം ഒരു സൗന്ദര്യാത്മക തീരുമാനമല്ല, മറിച്ച് പഠിതാക്കളുടെ ഭാഷാ പശ്ചാത്തലത്തെ മാനിക്കേണ്ട ഒരു അക്കാദമിക തീരുമാനമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു. ഹിന്ദിയിൽ നിന്നുള്ള പദങ്ങളുടെ ഉപയോഗം സാംസ്കാരികമായി ഏകീകരിക്കുന്നതായി ന്യായീകരിക്കപ്പെടുമ്പോൾ ഒരു ഭാഷാ പാരമ്പര്യത്തിൽ നിന്നുള്ള പേരുകൾ അടിച്ചേൽപ്പിക്കുന്നത് ബഹുഭാഷയെ ആഘോഷിക്കുന്ന രാജ്യത്ത് ശരിയായ നടപടിയല്ല.


ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തിന്റെ സമ്പന്നമായ പാരമ്പര്യമുള്ള കേരളം, എൻ‌സി‌ഇആർ‌ടിയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തെ ഫെഡറൽ തത്വങ്ങളുടെയും വിദ്യാഭ്യാസത്തിലെ സഹകരണ മനോഭാവത്തിന്റെയും ലംഘനമായാണ് കണക്കാക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടൻ ഇടപെടണം. പാഠപുസ്തകങ്ങൾ ഭാഷാപരമായ ആധിപത്യത്തിന്റെയല്ല, പഠനത്തിന്റെയും ഉൾക്കൊള്ളലിന്റെയും ഉപകരണങ്ങളായി വർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എൻ‌സി‌ഇആർ‌ടിയുടെ തീരുമാനം തിരുത്താനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് അയച്ച കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home