വായന ആഘോഷമാക്കി മലയാളം

കൊച്ചി
മലയാളത്തിൽ ഒരുവർഷത്തിനിടെ പുറത്തിറങ്ങിയതിൽ കൂടുതൽ വിറ്റഴിഞ്ഞ പുസ്‌തകങ്ങളിൽ എസ് ഹരീഷിന്റെ ‘പട്ടുനൂൽപ്പുഴു’വും ആർ രാജശ്രീയുടെ "ആത്രേയക’വും. ഇ സന്തോഷ്‌കുമാറിന്റെ തപോമയിയുടെ അച്ഛൻ, പി വി ഷാജികുമാറിന്റെ ‘മരണവംശം’ എന്നിവയും വായനക്കാർ ഏറ്റെടുത്തതായി പ്രസാധകർ. മികച്ച പ്രതികരണം നേടിയ "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത' എന്ന നോവലിനുശേഷം ആർ രാജശ്രീ എഴുതിയ നോവലാണ് "ആത്രേയകം'. സമൂഹമാധ്യമ പേജിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച് ഓൺലൈൻ വായനക്കാരിൽ മികച്ച പ്രതികരണമുണ്ടാക്കിയാണ് ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത’ പുസ്‌തകരൂപത്തിലായത്.
മഹാഭാരതത്തിൽ ശിഖണ്ഡി എന്ന് വിളിക്കപ്പെട്ട കഥാപാത്രത്തിന്റെ വെളിച്ചപ്പെടാത്ത ജീവിതത്തെയാണ് ആത്രേയകത്തിൽ എഴുത്തുകാരി ഭാവന ചെയ്യുന്നത്. ആത്രേയകം 2024 ജനുവരിയിലാണ് പുറത്തിറങ്ങിയത്. 2024 ഡിസംബറിലാണ് എസ് ഹരീഷിന്റെ മൂന്നാമത്തെ നോവൽ ‘പട്ടുനൂൽപ്പുഴു’ പുറത്തിറങ്ങിയത്.
ഭാവനയുടെയും യാഥാർഥ്യത്തിന്റെയുമിടയിലെ നേർത്ത അതിരുകൾ മായ്ച്ചുകളയുന്ന നോവലാണ് "പട്ടുനൂൽപ്പുഴു'വെന്ന് പുസ്തകത്തിന്റെ ആദ്യതാളുകളിൽ പറയുന്നുണ്ട്. ഡിസി ബുക്‌സാണ് പ്രസാധകർ. കൊന്നും വെന്നും കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉൾക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അർഥത്തെ അട്ടിമറിക്കുന്ന എഴുത്തുണ്ട് "ആത്രേയക'ത്തിൽ. മാതൃഭൂമി ബുക്‌സാണ് പ്രസാധകർ.
ചിന്ത പബ്ലിഷേഴ്‌സ് പുറത്തിറക്കിയ സാഹിത്യേതര പുസ്തകങ്ങളായ പാർഥ ചാറ്റർജിയുടെ "ദേശീയത: നേരും നുണയും (ചാർവാകൻ പറഞ്ഞ കഥകൾ), ഇലാൻ പപ്പേയുടെ "ഇസ്രായേൽ: മിത്തും യാഥാർഥ്യവും' എന്നിവയും കഴിഞ്ഞവർഷം പുറത്തിറങ്ങിയവയിൽ ശ്രദ്ധനേടി. രണ്ടും മലയാള പരിഭാഷയാണ്.
പുസ്തകം വായിക്കൂ, സമ്മാനം നേടൂ
വായനാദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ചിന്ത പബ്ലിഷേഴ്സ് രചനാമത്സരം സംഘടിപ്പിക്കും. ചിന്ത പ്രസിദ്ധീകരിച്ചിട്ടുള്ള ആറു പുസ്തകങ്ങളെ മുൻനിർത്തിയുള്ള വായനാകുറിപ്പുകളാണ് തയ്യാറാക്കേണ്ടത്.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് രചനകൾക്ക് 5000,3000, 2000 രൂപയുടെ പുസ്തകങ്ങൾ ലഭിക്കും. പ്രോത്സാഹന സമ്മാനമായി 10 പേർക്ക് 1000 രൂപയുടെ വീതം പുസ്തകങ്ങളും ലഭിക്കും. മനുഷ്യന്റെ ബഹിരാകാശ യാത്രയും ബഹിരാകാശത്തിലെ വാസഗൃഹങ്ങളും (എ ജെ കുരിയൻ ആലിയാട്ടുകുടി), സ്പീഡ് റീഡിങ് (പി കെ എ റഷീദ്), കാലത്തിന്റെ കഥ (മനോജ് കെ പുതിയവിള), എന്റെ നാടുകടത്തൽ (സ്വദേശാഭിമാനി രാമകൃഷ്ണപിള്ള), സാർ ഐസക്ക് ന്യൂട്ടൻ വളർത്തിയ കുട്ടിയുടെ കഥ (ഉണ്ണി അമ്മയമ്പലം), എം ടിയും കൂടല്ലൂർ (എം ടി രവീന്ദ്രൻ) എന്നീ പുസ്തകങ്ങളുടെ വായനക്കുറിപ്പാണ് തയ്യാറാക്കേണ്ടത്.
ഏഴു പേജിൽ കവിയാത്ത വായനക്കുറിപ്പുകൾക്കൊപ്പം വിദ്യാർഥികളുടെ പേരും സ്കൂളും ക്ലാസും വിലാസവും ഫോൺ നമ്പറും ചേർക്കണം. കുറിപ്പുകൾ ടൈപ്പ് ചെയ്ത് പിഡിഎഫ് രൂപത്തിൽ [email protected] എന്ന ഇമെയിലേക്ക് അയക്കണം. കൈയെഴുത്ത് പ്രതി പ്രിന്റൗട്ടുകൾ ചിന്ത പബ്ലിഷേഴ്സ്, വിവേകാനന്ദ നഗർ, കുന്നുകുഴി റോഡ്, വഞ്ചിയൂർ പി ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിലും അയക്കണം. അവസാന തീയതി ജൂലൈ 19. പുസ്തകങ്ങൾ കേരളത്തിലെ എല്ലാ ദേശാഭിമാനി ബുക്ക് ഹൗസുകളിൽനിന്ന് ലഭിക്കും. ഫോൺ: 9847215709.
0 comments