5 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 253 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻക്യുഎഎസ്

തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അതിൽ 2 ആരോഗ്യ സ്ഥാപനങ്ങൾ പുതുതായി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻക്യുഎഎസ്) അംഗീകാരവും 3 ആരോഗ്യ സ്ഥാപനങ്ങൾ 3 വർഷത്തിന് ശേഷം വീണ്ടും അംഗീകാരവും നേടി. ഇതോടെ സംസ്ഥാനത്ത് ആകെ 253 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻക്യുഎഎസ് അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് 8 ജില്ലാ ആശുപത്രികൾ, 6 താലൂക്ക് ആശുപത്രികൾ, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 163 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 17 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്.
തിരുവനന്തപുരം കുന്നത്തുകാൽ കുടുംബാരോഗ്യകേന്ദ്രം (94.42 ശതമാനം), മലപ്പുറം ആനക്കയം ജനകീയ ആരോഗ്യ കേന്ദ്രം (88.35 ശതമാനം) എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി എൻക്യുഎഎസ് അംഗീകാരം ലഭിച്ചത്. പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം (90.60 ശതമാനം), കൊല്ലം മുണ്ടക്കൽ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം (93.25 ശതമാനം), കൊല്ലം ഉളിയക്കോവിൽ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം (95.36 ശതമാനം) എന്നിവയാണ് മാനദണ്ഡങ്ങൾ പ്രകാരം ഗുണനിലവാരം ഉറപ്പാക്കി വീണ്ടും അംഗീകാരം നേടിയെടുത്തത്.
എൻക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. ഇത് കർശനമായി പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് വീണ്ടും അംഗീകാരം ലഭിക്കുക. എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ/ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.









0 comments