ദേശീയ കൈത്തറി ദിനം; സംസ്ഥാനതല പരിപാടികൾ തിരുവനന്തപുരത്ത്

പ്രതീകാത്മകചിത്രം
തിരുവനന്തപുരം: കൈത്തറി മേഖലയിലെ കേരളത്തിൻറെ ദീർഘകാല പാരമ്പര്യം, ഗുണനിലവാരം, വൈവിധ്യം, പുതിയ പ്രവണതകൾ എന്നിവ പ്രദർശിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെ സംസ്ഥാനത്ത് ആഗസ്ത് 7ന് ദേശീയ കൈത്തറി ദിനം ആഘോഷിക്കും. തിരുവനന്തപുരം ഫോർട്ട് മാന്വർ ഹോട്ടലിൽ നടക്കുന്ന സംസ്ഥാനതല പരിപാടി വൈകിട്ട് മൂന്നിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള കൈത്തറി - ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റും ഹാൻഡ് ലൂം മാർക്കും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ കൈത്തറി മേഖലയുടെ വളർച്ചയും നെയ്ത്തുകാരുടെ ഉന്നമനവും ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾ ദിനാഘോഷത്തിൻറെ ഭാഗമായി നടക്കും.
ചടങ്ങിൽ കൈത്തറി സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് വിതരണവും കൈത്തറി തൊഴിലാളികളെ ആദരിക്കലും മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ആൻറണി രാജു എംഎൽഎ അധ്യക്ഷനാകുന്ന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. കൈത്തറി ക്ലസ്റ്ററുകളുടെ നവീന ആശയത്തിലുള്ള വ്യത്യസ്തമായ ഉൽപ്പന്നങ്ങളുടെ പ്രദർശനം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം, കണ്ണൂർ (ഐഐഎച്ച്ടി) അവതരിപ്പിക്കുന്ന ഫാഷൻ ഷോ എന്നിവ ദിനാഘോഷത്തിലെ പ്രധാന പരിപാടികളാണ്. തിരുവനന്തപുരം ജില്ലയിൽ പുതിയതായി അനുമതി ലഭിച്ച മൂന്ന് കൈത്തറി ക്ലസ്റ്ററുകളുടെ ഉദ്ഘാടനവും നടക്കും.
കൈത്തറി മേഖലയെ അഭിസംബോധന ചെയ്യുന്ന വിവിധ വിഷയങ്ങളിൽ രാവിലെ 10 മുതൽ ടെക്നിക്കൽ സെഷനുകൾ സംഘടിപ്പിക്കും. 'കൈത്തറി വസ്ത്രങ്ങളിലെ കേരള തനിമയും നൂതന ഡിസൈനുകളും' എന്ന വിഷയത്തിൽ കണ്ണൂർ നിഫ്റ്റിലെ അസി. പ്രൊഫ. അഭിലാഷ് ബാലൻ പി, 'ഭൗമസൂചിക പദവിയുടെ പ്രാധാന്യത്തോടെ കൈത്തറിക്ക് ആഗോള തിരിച്ചറിയൽ' എന്ന വിഷയത്തിൽ ഐഐഎച്ച്ടി കണ്ണൂരിലെ ടെക്നിക്കൽ സൂപ്രണ്ട് ബ്രിജേഷ് കെ വി, 'കൈത്തറി വസ്ത്രങ്ങളുടെ വിപണന സാധ്യതകളി'ൽ കൊല്ലം ഐഎഫ്ടിയിലെ ഫാക്കൽറ്റി ഡോ. കരോലിൻ ബേബി, 'ഡിസൈൻ- പ്രിൻറിംഗ് സാധ്യതകൾ ആയാസകരമായ നെയ്ത്തി'ൽ ഐഐഎച്ച്ടി സേലം സീനിയർ ലക്ചർ (റിട്ട.) ജി. സുകുമാരൻ നായർ എന്നിവർ സെഷനുകൾ നയിക്കും. കൈത്തറി തൊഴിലാളികളുടെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
ഇന്ത്യൻ കൈത്തറി വ്യവസായത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കാനും നെയ്ത്തുകാരുടെ സാമൂഹിക-സാമ്പത്തിക വികസനം ലക്ഷ്യമിട്ടു കൊണ്ടുമാണ് ആഗസ്ത് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത കൈത്തറി മേഖലയെ കൈപിടിച്ചുയർത്തുന്നതിനായി സംസ്ഥാന സർക്കാർ വിവിധ ക്ഷേമപദ്ധതികളാണ് നടപ്പാക്കുന്നത്. 2016-17 വർഷം മുതൽ നടപ്പാക്കിവരുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതി ഈ മേഖലയുടെ പുനരുജ്ജീവനത്തിന് സഹായകരമായിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 539 പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 198 എണ്ണം ഫാക്ടറി ടൈപ്പ് സംഘങ്ങളും 341 എണ്ണം കോട്ടേജ് ടൈപ്പ് സംഘങ്ങളുമാണ്. നിലവിൽ 355 പ്രാഥമിക കൈത്തറി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൈത്തറി മേഖലയിലെ 84.42 ശതമാനം തറികളും സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നു. 159 സംഘങ്ങൾ ലാഭത്തിൽ പ്രവർത്തിക്കുന്നവയാണ്. 14642 നെയ്ത്തുകാർ ജോലി ചെയ്യുന്ന ഈ മേഖലയിലെ വാർഷിക ഉൽപ്പാദനം 52.54 മില്ല്യൺ മീറ്ററാണ്. യന്ത്രത്തറി മേഖലയിൽ ആകെ 1804 എണ്ണമാണ് പ്രവർത്തിക്കുന്നത്. ഇതിൽ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ എണ്ണം 56 ആണ്. ഈ മേഖലയിലെ വാർഷിക ഉൽപ്പാദനം 65.26 മില്ല്യൻ മീറ്ററാണ്.
കൈത്തറിയുടെ സംയോജിതവും സമഗ്രവുമായ വികസനവും കൈത്തറി നെയ്ത്തുകാരുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്മാൾ ക്ലസ്റ്റർ ഡവലപ്മെൻറ് പ്രോഗ്രാം (എസ് സിഡിപി). ഈ പദ്ധതി പ്രകാരം 50 മുതൽ 500 വരെയുള്ള നെയ്ത്തുകാരെ ഉൾപ്പെടുത്തി പ്രാദേശികമായി ഓരോ ക്ലസ്റ്ററുകൾ രൂപീകരിക്കാൻ സാധിക്കും. ഇവയ്ക്ക് പരമാവധി രണ്ട് കോടി രൂപ വരെ ധനസഹായം ലഭിക്കും. എസ് സിഡിപി പ്രകാരം കേരളത്തിൽ ഇതുവരെ 15 കൈത്തറി ക്ലസ്റ്ററുകൾ രൂപീകരിച്ചിട്ടുണ്ട്.









0 comments