ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നാക്രമണം: പി കെ ബിജു

തൃശൂർ: മോദി സർക്കാർ നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം - 2020 സംസ്ഥാനങ്ങളുടെ അധികാരത്തിനു മേലുള്ള ശക്തമായ കടന്നാക്രമണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു പറഞ്ഞു. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുകയോ പാർലമെൻ്റിൽ ചർച്ച നടത്തുകയോ ചെയ്യാതെയാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കിയത്. 10 +2 + 3 എന്ന സംവിധാനത്തിനു പകരം 5+ 3 + 3+ 4 എന്ന ക്രമം കൊണ്ടുവന്നു. എന്തിനു വേണ്ടിയാണ് ഈ പരിഷ്കാരം എന്നതിന് കേന്ദ്രത്തിന് മറുപടിയില്ല -പി കെ ബിജു പറഞ്ഞു. തൃശൂർ പെരുമയുടെ ഭാഗമായി സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്‍എസ് വിധേയരെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം ഏൽപ്പിക്കുന്നത്. ശാസ്ത്രീയ കാഴ്ചപ്പാട് വിദ്യാഭ്യാസ മേഖലയിൽ ഇല്ലാതാക്കുന്നു. ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാനാണെന്ന് പറയാൻ ബിജെപി എംപിക്ക് മടിയില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി കഷ്ടിച്ചാണ് രക്ഷപ്പെട്ടതാണ്. രാമക്ഷേത്രം നിർമിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പിൽ അയോധ്യയിൽ അടക്കം ബിജെപി തോറ്റു. ഹിന്ദുത്വ പ്രചരണം വേണ്ടത്ര ഫലിക്കുന്നില്ലെന്ന് കണ്ടപ്പോൾ വോട്ടർ പട്ടികയിൽ തിരിമറി നടത്തുകയാണ് ബിജെപി- പി കെ ബിജു പറഞ്ഞു.









0 comments