ദേശീയ സഹകരണ സർവകലാശാല: നാമകരണത്തിൽ വർഗീസ് കുര്യനെ അവഗണിച്ചത് അപലപനീയം : വി ശിവദാസൻ

ന്യൂഡൽഹി : ഗുജറാത്തിൽ സ്ഥാപിക്കുന്ന ത്രിഭുവൻ സഹകാരി സർവകലാശാലയുടെ നാമകരണത്തിൽ വർഗീസ് കുര്യനെ അവഗണിച്ചത് അപലപനീയമെന്ന് വി ശിവദാസൻ എംപി. രാജ്യസഭയിലെ ബില്ലിന്റെ ചർച്ചാ വേളയിലായിരുന്നു എം പിയുടെ പ്രതികരണം.
സഹകരണ മേഖലയിലെ ഒരു പ്രമുഖവ്യക്തിത്വവും ഇന്ത്യയിലെ "ധവള വിപ്ലവത്തിന്റെ പിതാവുമായ" വർഗീസ് കുര്യന്റെ മഹത്തായ സംഭാവനകളെ അവഗണിച്ചത് ചരിത്രത്തോട് കാണിക്കുന്ന നീതികേടാണ്. ഇന്ത്യയിലൊട്ടാകെയും പ്രത്യേകിച്ച് ഗുജറാത്തിലും, ക്ഷീര വ്യവസായത്തിന്റെയും സഹകരണ മേഖലയുടെയും വികസനത്തിൽ വർഗീസ് കുര്യൻ വലിയ പങ്ക് വഹിച്ചു. 1989-ലെ വേൾഡ് ഫുഡ് പ്രൈസ് ഉൾപ്പെടെയുള്ള ആഗോള അംഗീകാരം ഉണ്ടായിരുന്നിട്ടും, കുര്യന്റെ പാരമ്പര്യത്തെ സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണ്.
സഹകരണ പ്രസ്ഥാനത്തിന് ത്രിഭുവൻ ദാസ് പട്ടേലിനൊപ്പം , വർഗ്ഗീസ് കുര്യൻ നൽകിയ മഹത്തായ സംഭാവനകളെ ആദരിക്കുന്നതിനായി സർവകലാശാലയ്ക്ക് 'ത്രിഭുവൻ-കുര്യൻ സർവകലാശാല' എന്ന് പേരിടണമെന്ന് ഡോ. ശിവദാസൻ നിർദ്ദേശിച്ചു.
ഒരു കേന്ദ്രീകൃത സർവകലാശാല സൃഷ്ടിക്കുന്നത് സഹകരണ മേഖലയ്ക്ക് മേൽ രാഷ്ട്രീയ നിയന്ത്രണം ചെലുത്താൻ സർക്കാരിനെ അനുവദിക്കും. ജനാധിപത്യത്തിന്റെയും പ്രാദേശിക ശാക്തീകരണത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യും.
കർഷകർ, ചെറുകിട വ്യാപാരികൾ, സ്വയം സഹായ ഗ്രൂപ്പുകൾ എന്നിവയെ പിന്തുണയ്ക്കുന്ന വിജയകരമായ വികേന്ദ്രീകൃത സഹകരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കേരളത്തിന്റെ സഹകരണ മേഖല പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ, ക്ഷീരോൽപാദന യൂണിറ്റുകൾ, ആശുപത്രികൾ, ഗതാഗത സേവനങ്ങൾ, വൈദ്യുതി ഉൽപ്പാദന പദ്ധതികൾ എന്നിവ ഗ്രാമവികസനത്തിന് എത്രത്തോളം സംഭാവന നൽകുമെന്നതിന്റെ ഉദാഹരണങ്ങളാണ്.
സഹകരണ മേഖലയെ കേന്ദ്രീകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ ഈ നേട്ടങ്ങൾക്ക് ഭീഷണിയാണെന്നും ഇന്ത്യയുടെ ഭരണത്തിന്റെ ഫെഡറൽ ഘടനയെ ലംഘിക്കുന്നുവെന്നും ഡോ. ശിവദാസൻ അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരുകളുടെ അധികാരം കുറയ്കാനും സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസർവ് ബാങ്കിന് (ആർബിഐ) കൈമാറാനുള്ള യൂണിയൻ സർക്കാരിന്റെ ശ്രമം അത്തരമൊരു ഇടപെടലിന്റെ ഒരു ഉദാഹരണമാണ്. സ്വകാര്യ, കോർപ്പറേറ്റ് ബാങ്കിംഗിന്റെ ആധിപത്യത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണിത്. വലതുപക്ഷ ശക്തികൾ കേരളത്തിലെ സഹകരണ ബാങ്കുകൾക്കെതിരെ നിഷേധാത്മക പ്രചാരണം അഴിച്ചു വിടുകയാണ്.
ത്രുഭുവൻ സഹകാരി സർവകലാശാല ബില്ലിനെക്കുറിച്ച് ഡോ. ശിവദാസൻ ഉന്നയിച്ച മറ്റൊരു പ്രധാന ആശങ്ക നിർദ്ദിഷ്ട ഭരണ ഘടനയിൽ സംസ്ഥാനങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഇല്ല എന്നതാണ്. സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നോ നാല് പ്രതിനിധികളെ മാത്രമേ സർവകലാശാലാ ഭരണത്തിൽ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ, ഇത് സർവകലാശാലയെ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കും. സർവ്വകലാശാലാഭരണത്തിൽ സംസ്ഥാനങ്ങൾക്ക് അർത്ഥവത്തായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് സർവകലാശാലയ്ക്ക് കൂടുതൽ സമഗ്രവും ജനാധിപത്യപരവുമായ രൂപകൽപ്പന വേണമെന്ന് ഡോ. ശിവദാസൻ ആവശ്യപ്പെട്ടു.
പ്രാദേശിക സമൂഹങ്ങളുടെ ശാക്തീകരണത്തിലും അടിസ്ഥാന പങ്കാളിത്തത്തിലുമാണ് സഹകരണ മേഖലയുടെ ശക്തി സ്ഥിതിചെയ്യുന്നത് . സംസ്ഥാനങ്ങളുടെ സ്വയംഭരണത്തെ ബഹുമാനിക്കുകയും സഹകരണ പ്രസ്ഥാനത്തിന്റെ കാതലായ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനം സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.









0 comments