എൻ എം വിജയന്റെയും മകന്റെയും മരണം ; ഡിസിസി പ്രസിഡന്റിന്റെ ശബ്ദസാമ്പിൾ പരിശോധനയ്ക്കയച്ചു

n m vijayan suicide
വെബ് ഡെസ്ക്

Published on Sep 18, 2025, 03:00 AM | 2 min read


കൽപ്പറ്റ

നേതാക്കളുടെ നിയമനക്കോഴയിൽ കുരുങ്ങി വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട്‌ പ്രേരണാക്കേസിൽ പ്രതിയായ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചന്റെ ശബ്ദസാമ്പിൾ പരിശോധനയ്ക്കയച്ചു.


ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ്‌ ശബ്ദസാമ്പിൾ എടുത്തത്‌. കോടതി അനുമതിയോടെ കോഴിക്കോട്‌ ആകാശവാണിയിൽനിന്ന്‌ സാമ്പിൾ എടുത്ത്‌ തിരുവനന്തപുരത്തെ ഫോറൻസിക്‌ സയൻസ്‌ ലബോറട്ടറിയിലാണ്‌ നൽകിയത്‌. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട്‌ വിജയനും അപ്പച്ചനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോഡ്‌ സംഘത്തിന്‌ ലഭിച്ചിരുന്നു. ഇതിന്റെ ആധികാരികത ഉറപ്പാക്കാനാണ്‌ ശബ്ദം പരിശോധിക്കുന്നത്‌.


ഫലം ലഭിച്ചാലുടൻ കേസിൽ കുറ്റപത്രം സമർപ്പിക്കും. മറ്റു നടപടികൾ പൂർത്തിയായതാണ്‌. ശബ്ദപരിശോധനാ ഫലം നിർണായകമാകും. കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ ഒന്നും അപ്പച്ചൻ രണ്ടും മുൻകോൺഗ്രസ്‌ നേതാവ്‌ കെ കെ ഗോപിനാഥൻ മൂന്നും പ്രതികളാണ്‌. അറസ്‌റ്റിലായ പ്രതികളെല്ലാം ജാമ്യത്തിലാണ്‌.


കോൺഗ്രസിന്റെ നിയമനക്കോഴയിലൂടെയുണ്ടായ കടബാധ്യതയിൽ വിജയൻ ആത്മഹത്യയുടെ വക്കിലായിരുന്നെന്ന്‌ പ്രതികൾ മനസ്സിലാക്കിയിരുന്നു. ഇത്‌ സാധൂകരിക്കുന്ന ഫോൺ സംഭാഷണമാണ്‌ പൊലീസിന്റെ പക്കലുള്ളത്‌. പ്രതികളെ ചോദ്യംചെയ്തപ്പോൾ വ്യക്തമായ ഉത്തരം നൽകിയില്ല. ബാലകൃഷ്ണനും അപ്പച്ചനുമുൾപ്പെടെയുള്ള നേതാക്കളാണ്‌ മരണത്തിന്‌ ഉത്തരവാദികളെന്നായിരുന്നു വിജയന്റെ ആത്മഹത്യാക്കുറിപ്പ്‌. വിജയനെയും മകനെയും മരണത്തിലേക്ക്‌ തള്ളിവിട്ടതാണെന്നാണ്‌ പൊലീസ്‌ കണ്ടെത്തൽ. 2024 ഡിസംബർ 24നാണ്‌ വിജയനും മകനും വിഷം കഴിച്ചത്‌. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടുപേരും 27ന്‌ മരിച്ചു.


പത്മജയുടെ വെളിപ്പെടുത്തൽ ; ഐ സി ബാലകൃഷ്‌ണന്‌ വീണ്ടും കുരുക്ക്‌

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ പലതവണ വീട്ടിലെത്തി എൻ എം വിജയനിൽനിന്ന്‌ പണം വാങ്ങിയെന്ന മരുമകൾ പത്മജയുടെ വെളിപ്പെടുത്തൽ പൊലീസ്‌ അന്വേഷിക്കും. വിജയന്റെയും മകന്റെയും ആത്മഹത്യ പ്രേരണാക്കേസിൽ എംഎൽഎ ഒന്നാംപ്രതിയാണ്‌.

ചൊവ്വാഴ്‌ച മാധ്യമങ്ങളോടായിരുന്നു പത്മജയുടെ വെളിപ്പെടുത്തൽ. കുടുംബത്തിന്റെ ബാധ്യത തീർക്കുമെന്ന കരാർ കെപിസിസി പാലിക്കാത്തതിനെതുടർന്നാണ്‌ പത്മജ കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞത്‌. ആത്മഹത്യാ പ്രേരണക്കേസ്‌ അന്വേഷണം അവസാന ഘട്ടത്തിലാണ്‌. ഇതിനൊപ്പം പത്മജയുടെ പുതിയ വെളിപ്പെടുത്തലും അന്വേഷിക്കേണ്ടിവരും.


ബാങ്ക്‌ നിയമനക്കോഴയിൽ വിജിലൻസ്‌ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഡയറക്ടർക്ക്‌ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ റിപ്പോർട്ട്‌ നൽകിയത്‌. തുടർ അന്വേഷണത്തിൽ പത്മജയുടെ വെളിപ്പെടുത്തൽ വിജലൻസും അന്വേഷിക്കും.


കുടുംബങ്ങളെയും കോൺഗ്രസ്‌ ആത്മഹത്യയിലേക്ക്‌ തള്ളിയിടുന്നു: എം വി ജയരാജൻ

നേതാക്കളെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും ആത്മഹത്യയിലേക്ക്‌ തള്ളിവിടുകയാണ്‌ കോൺഗ്രസെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വയനാട്ടിലും തിരുവനന്തപുരത്തുമായി സഹപ്രവർത്തകരുടെ ചതിയിലും ഗ്രൂപ്പുവഴക്കിലും ആറ്‌ കോൺഗ്രസ്‌ നേതാക്കൾ ആത്മഹത്യ ചെയ്‌തു. ഇ‍വരുടെ കുടുംബങ്ങളെയും ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്നു.


തെറ്റുചെയ്ത പൊലീസുകാരെ സംരക്ഷിക്കുകയല്ല എൽഡിഎഫ്‌സർക്കാരിന്റെ നയം. കുറ്റക്കാരെന്ന്‌ കണ്ടെത്തിയ 144 പേരെ പിരിച്ചുവിട്ടു. ലോട്ടറിയെ ആഢംബര വസ്‌തുക്കളുടെ പട്ടികയിൽ പെടുത്താനാകില്ല. സംസ്ഥാന സർക്കാർ നേരിട്ട്‌ ലോട്ടറി നടത്തുന്നത്‌ കേരളത്തിൽ മാത്രമാണ്‌. 
ഇത്‌ ഇല്ലാതാക്കാനുള്ള ലോട്ടറി മാഫിയയുടെ ശ്രമത്തിന്‌ കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുകയാണെന്നും എം വി ജയരാജൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home