നേതാക്കൾ വാക്ക് മാറ്റി; ഞങ്ങൾ മരിച്ചാലേ കോൺഗ്രസിന് നീതി തരാൻ കഴിയുള്ളോയെന്ന് എൻ എം വിജയന്റെ കുടുംബം

കൽപറ്റ: കോൺഗ്രസ് നേതാക്കൾ പറഞ്ഞ് പറ്റിച്ചുവെന്നാരോപിച്ച് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബം. ഡിസിസി ഓഫീസിന് മുന്നിൽ മക്കൾക്കൊപ്പം നിരാഹാരമിരിക്കുമെന്നും എൻ എം വിജയന്റെ എല്ലാ ബാധ്യതകളും തീർക്കുമെന്ന് പറഞ്ഞ് കബളിച്ചുവെന്നും മരുമകൾ പത്മജ മാധ്യമങ്ങളോട് പറഞ്ഞു.
'അച്ഛന്റെ വ്യക്തിപരമായ ആവശ്യത്തിനാണ് പണം എടുത്തിരുന്നതെങ്കിൽ ഇങ്ങനെ സംസാരിക്കേണ്ടി വരില്ല. പാർട്ടിക്ക് വേണ്ടിയാണ് അച്ഛൻ കടം വാങ്ങിയത്. ബാങ്ക് ഇടപാടുകൾ തീർത്തുനൽകിയാൽ മതി. എൻ എം വിജയന്റെ എല്ലാ ഇടപാടുകളും തീർക്കും എന്ന് പറഞ്ഞതല്ലേ. എഗ്രിമെന്റും ഇപ്പോൾ കാണാനില്ല. നേതാക്കൾ പറഞ്ഞുപറ്റിച്ചു. ഉപസമിതി രൂപീകരിച്ച് വീട്ടിൽ വന്ന് മാധ്യമങ്ങളോട് പാർടിയെ വിശ്വാസമാണെന്ന് പറയാൻ പറഞ്ഞു. എല്ലാ പ്രശ്നങ്ങളും തീർക്കാമെന്ന് പറഞ്ഞവർ പിന്നീട് വാക്കുമാറ്റി. എന്റെ ഭർത്താവിനെ രോഗിയാക്കി മാറ്റിയത് കോൺഗ്രസാണ്. വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഞാൻ പിടിച്ചുനിൽക്കുന്നത് കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. പക്ഷെ ഇടയ്ക്ക് ഞാനും പതറിപ്പോകും. ഞങ്ങൾ മരിച്ചാൽ മാത്രമേ പാർട്ടിക്ക് നീതി തരാൻ കഴിയുള്ളൂ എന്നുണ്ടോ?' പത്മജ ചോദിച്ചു.
2024 ഡിസംബർ 25-നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു.









0 comments