പ്രതിപക്ഷ നേതാവിന്റെ പ്രകടനം ക്രൂരം
എൻ എം വിജയന്റെ കുടുംബം നിരാഹാരസമരത്തിന് ; സമരം ഗാന്ധി ജയന്തി ദിനംമുതൽ

എൻ എം വിജയന്റെ മരുമകൾ പത്മജ
ബത്തേരി
കോൺഗ്രസ് നേതൃത്വത്തിന്റെ ചതിക്കെതിരെ എൻ എം വിജയന്റെ കുടുംബം നിരാഹാരസമരത്തിന്. ഡിസിസി ഓഫീസിന് മുന്നിൽ മക്കളോടൊപ്പം നിരാഹാരമിരിക്കുമെന്ന് വിജയന്റെ മരുമകൾ പത്മജ ബത്തേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളുടെ വഞ്ചനയ്ക്കെതിരെയും വിജയന്റെ കട ബാധ്യത ഏറ്റെടുക്കുമെന്ന കെപിസിസിയുടെ കരാർ പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗാന്ധി ജയന്തി ദിനം മുതൽ സമരം ആരംഭിക്കുന്നത്.
ഇൗ മാസം 30നകം ബാധ്യത കോൺഗ്രസ് തീർത്തുനൽകണം. കോൺഗ്രസിനുവേണ്ടിയാണ് വീടും സ്ഥലവും അച്ഛൻ പണയപ്പെടുത്തിയത്. ഇതെടുത്ത് നൽകിയില്ലെങ്കിൽ നാലുവയസ്സുകാരിയായ മകളടക്കം സമരമിരിക്കും. കോൺഗ്രസ് തന്ന പണമുപയോഗിച്ച് ബിസിനസ് തുടങ്ങിയെന്ന ടി സിദ്ദിഖ് എംഎൽഎയുടെ അധിക്ഷേപം സഹിക്കാനാകാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 25 ലക്ഷം രൂപ നൽകാമെന്നും ബാങ്കിലെ കടം വീട്ടാമെന്നുമാണ് നേതാക്കൾ ഏകപക്ഷീയമായി കരാറുണ്ടാക്കിയത്.
ഇതുപോലും പാലിക്കാതെ വഞ്ചിക്കുകയാണ്. 20 ലക്ഷം രൂപ മാത്രമാണ് നൽകിയത്.
പാർടി പറഞ്ഞാൽ ബാങ്ക് വായ്‌പയിൽ നടപടിയെടുക്കുമെന്ന ബത്തേരി അർബൻ ബാങ്ക് ചെയർമാനും ഡിസിസി സെക്രട്ടറിയുമായ ഡി പി രാജശേഖരന്റെ ഭീഷണിയിൽ ഭയമുണ്ട്. നുണപ്രചാരണം നടത്തി അപമാനിക്കുകയാണ് പാർടി. ബിസിനസ് തുടങ്ങാനാണ് വിജയൻ വായ്‌പയെടുത്തതെന്ന വാദം തെറ്റാണ്. ‘ജൻ ഒൗഷധി’ ആരംഭിക്കുന്നത് വേറേ ബാങ്കിൽനിന്ന് വായ്‌പയെടുത്താണ്. അച്ഛന്റെ ആത്മഹത്യാക്കുറിപ്പിൽ സഹകരണ ബാങ്കിൽനിന്ന് വായ്‌പയെടുത്തത് കോൺഗ്രസിനായാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്ന് നേതാക്കൾ പ്രചരിപ്പിക്കുന്നു. സംസ്ഥാന നേതൃത്വത്തിന് ഇങ്ങനെയൊരു അഭിപ്രായമുണ്ടോയെന്ന് വ്യക്തമാക്കണം. സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കുകയാണ്. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ വഞ്ചനയിലും സമൂഹമാധ്യമ അക്രമണത്തിലും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പത്മജ പറഞ്ഞു.
ആത്മഹത്യാശ്രമത്തിനുശേഷം ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജായ പത്മജ വീട്ടിൽ വിശ്രമത്തിലാണ്. വിജയന്റെ മകൻ വിജേഷും ചികിത്സയിലാണ്.
പ്രതിപക്ഷ നേതാവിന്റെ പ്രകടനം ക്രൂരം
എൻ എം വിജയനെ അറിയാത്തതുപോലെയുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രകടനം ക്രൂരമാണെന്ന് പത്മജ പറഞ്ഞു. കുടുംബം ഭീഷണിപ്പെടുത്തിയെന്നാണ് മുമ്പ് അദ്ദേഹം പറഞ്ഞത്. നേതാക്കന്മാർ എൻ എം വിജയനെ മറക്കും. ഞങ്ങൾക്ക് പറ്റില്ലല്ലോ – പത്മജ പറഞ്ഞു.









0 comments