എൻ ഡി അപ്പച്ചനെ ബലിയാടാക്കി കോൺഗ്രസ് ; വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി

കൽപ്പറ്റ
അഴിമതിയിലും ഗ്രൂപ്പ് പോരിലും നാണംകെട്ട കോൺഗ്രസ് മുഖംരക്ഷിക്കാൻ വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് എൻ ഡി അപ്പച്ചനെ നീക്കി. സ്ഥാനമൊഴിയാൻ സന്നദ്ധനല്ലായിരുന്ന എൻ ഡി അപ്പച്ചനോട് രാജി ചോദിച്ചുവാങ്ങി.
നേതാക്കൾ തമ്മിലുള്ള പോരിലും പകയിലും വയനാട്ടിൽ ആത്മഹത്യകളും സംഘർഷങ്ങളും ഉണ്ടായിട്ടും ഒന്നും ചെയ്യാതിരുന്ന കെപിസിസി നേതൃത്വം അപ്പച്ചനെ ബലിയാടാക്കി തടിയൂരാനാണ് ശ്രമിക്കുന്നത്.
‘രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. തുടരണോ വേണ്ടയോ എന്ന് കെപിസിസി തീരുമാനിക്കട്ടെ. പൊയ്‌ക്കോട്ടെയെന്ന് പറഞ്ഞാൽ ഒഴിവാകും. ചാനലുകളിൽ വന്ന വാർത്തയാണ് കണ്ടത്. രാജി അംഗീകരിച്ചെന്ന് ആരും പറഞ്ഞിട്ടില്ല’ എന്ന് അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
രാജി അംഗീകരിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞ കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ‘ഇനി ഞാൻ എന്തുചെയ്യണമെന്ന് അദ്ദേഹം പറയട്ടെ’ എന്നായിരുന്നു പ്രതികരണം. അപമാനിച്ചു പുറത്താക്കിയെന്നാണ് അപ്പച്ചന്റെയും ഒപ്പമുള്ളവരുടെയും വികാരം. പുറത്താക്കിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വൈകിട്ട് പ്രദേശിക മാധ്യമങ്ങളോടും പ്രതികരിച്ചു.
നേതാക്കളുടെ നിയമന കോഴയിൽ കുരുങ്ങി ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയതുമുതലാണ് വയനാട്ടിൽ സംഘടനാപ്രശ്‌നം കലാപസമാനമായത്. ആത്മഹത്യാപ്രേരണാ കേസിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഒന്നും അപ്പച്ചൻ രണ്ടും പ്രതികളായി. ബാലകൃഷ്‌ണൻ, അപ്പച്ചൻ വിഭാഗങ്ങൾ തമ്മിൽ പോരും ശക്തമായി. അപ്പച്ചനെ മുള്ളൻകൊല്ലിയിൽ ഒരു യോഗത്തിൽവച്ച് എതിർഗ്രൂപ്പുകാർ കൈയേറ്റം ചെയ്‌തു. ഇതിന്റെ തുടർച്ചയായാണ് വാർഡ് പ്രസിഡന്റ് തങ്കച്ചനെ കള്ളക്കേസിൽ ജയിലിലാക്കിയത്. ഇതിനു പിന്നാലെ മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നെല്ലേടം ജീവനൊടുക്കി. ഇതെല്ലാം നിലനിൽക്കുന്പോൾ അപ്പച്ചനെതിരെ മാത്രമുള്ള നടപടി ജില്ലയിലെ പ്രശ്‌നം രൂക്ഷമാക്കും.
രാജിക്ക് പിന്നാലെ വയനാട് ഡിസിസി പ്രസിഡന്റായി ടി ജെ ഐസക്കിനെ നിയമിച്ചു. എൻ ഡി അപ്പച്ചനെ എഐസിസി അംഗമായും നോമിനേറ്റ് ചെയ്തു.









0 comments