മുനമ്പം ഭൂമിതർക്കം മുസ്ലിം – ക്രൈസ്‌തവ പ്രശ്നമല്ല: എം വി ഗോവിന്ദൻ

തിരുവനന്തപുരം:
മുനമ്പത്തെ ഭൂമി പ്രശ്നം മുസ്ലിങ്ങളും ക്രൈസ്തവരും തമ്മിലുള്ള പ്രശ്നമല്ലെന്നും കാലങ്ങളായി അവിടെ താമസിക്കുന്ന വിവിധ കുടുംബങ്ങളുടെ വിഷയമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആ നിലയിൽ സമീപിച്ച് കാര്യങ്ങൾ എത്രയും വേഗം പരിഹരിക്കാനാണ് സിപിഐ എമ്മും എൽഡിഎഫ് സർക്കാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, വഖഫ് നിയമ ഭേദഗതിയുടെ പേര് പറഞ്ഞ് ക്രൈസ്തവരെയും മുസ്ലിങ്ങളെയും തെറ്റിച്ച് അതിൽനിന്ന് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപിയും കേന്ദ്രസർക്കാരും ശ്രമിച്ചത്. ആരെതിർത്താലും വഖഫ് നിയമ ഭേദഗതി നടപ്പാക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. അവർക്ക് കിട്ടിയ ശക്തമായ തിരിച്ചടിയാണ് സുപ്രീംകോടതി നിലപാട്.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ സംരക്ഷിക്കുകയെന്നത് സുപ്രിംകോടതിയുടെ ഉത്തരവാദിത്വമാണ്. അതാണ് വഖഫ് നിയമഭേദഗതിയിലെ ഇടപെടലിലുണ്ടായത്.
ക്രൈസ്‌തവരെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്താനാണ് സംഘപരിവാർ ശ്രമം. എന്നാൽ, ഓർഗനൈസറിലെ ലേഖനവും ക്രിസ്‌ത്യൻ ആരാധനാലയങ്ങൾക്കും വൈദികർക്കും നേരെ ആർഎസ്‌എസ് നടത്തുന്ന നിരന്തരമായ ആക്രമണവും തനിനിറം പുറത്തുകൊണ്ടുവന്നു.
രാജ്യത്തെ മതനിരപേക്ഷതയും ന്യൂനപക്ഷ ഐക്യവും തകർക്കലാണ് വഖഫ് നിയമഭേദഗതിയുടെ ലക്ഷ്യം. സുപ്രീംകോടതിയുടെ കൃത്യമായ ഇടപെടൽ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതാണ്. അതേ നിലപാടാണ് സമാന വിഷയങ്ങളിലെല്ലാം സിപിഐ എം സ്വീകരിച്ചുപോരുന്നത്.
എന്നാൽ, വഖഫ് ബില്ലിൽ നിലപാട് പ്രഖ്യാപിക്കേണ്ട നിർണായക ഘട്ടത്തിൽ കോൺഗ്രസ് ഒളിച്ചോടി. വയനാട് എംപി പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയില്ല, അവിടെയുണ്ടായിരുന്ന രാഹുൽ ഗാന്ധി മിണ്ടിയതുമില്ല. പേര് കൊടുത്ത കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വിളിച്ചപ്പോൾ പ്രസംഗിക്കാൻ തയ്യാറായില്ല. അതേസമയം, പാർടി കോൺഗ്രസ് നടക്കുന്ന ഘട്ടത്തിലും സിപിഐ എം എംപിമാർ പാർലമെന്റിൽ ഹാജരായി ബില്ലിനെ എതിർത്തു–- അദ്ദേഹം പറഞ്ഞു.









0 comments