നവകേരള സൃഷ്ടി എന്നത് സിപിഐ എമ്മും ഇടത് മുന്നണിയും ലക്ഷ്യമിടുന്ന ഏറ്റവും പ്രധാന കാര്യം: എം വി ഗോവിന്ദൻ

കൊല്ലം: നവകേരളം സൃഷ്ടിക്കുക എന്നത് സിപിഐ എമ്മും ഇടത് മുന്നണിയും ലക്ഷ്യമിടുന്ന ഏറ്റവും പ്രധാന കാര്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യൻ ഭരണവർഗം കോൺഗ്രസായാലും ബിജെപിയായാലും ഇന്ത്യയിലെ സമ്പന്നരെയാണ് വളർത്തിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ മുതലാളിമാരുടെ പട്ടികയിലേക്ക് ഇന്ത്യൻ മുതലാളിമാരെ എങ്ങനെ വളർത്താം എന്ന മത്സരമായിരുന്നു ഇവർ നടത്തിയത്. അദാനിയേയും അംബാനിയേയും ലോകനിലവാരമുള്ള മുതലാളിമാരാക്കി മാറ്റുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഭരണ വർഗം ഇന്ത്യയിൽ ശ്രമിച്ചത്.
സാധാരണ പാർശ്വവത്കരിക്കപ്പെട്ട ജനതയെ പൊതുസമൂഹത്തിന്റെ ഭാഗമാക്കി മാറ്റി അവരുടെ ജീവിത നിലവാരം ഉയർത്താനാണ് സിപിഐ എമ്മും ഇടതുമുന്നണി സർക്കാരും ലക്ഷ്യമിടുന്നത്. സർവ്വതോമുഖമായ വികസനത്തിൽ പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ തലത്തിലുള്ള നിരവധി വികസന പ്രവർത്തനങ്ങൾ സമ്മേളനത്തിന്റെെ ഭാഗമായി ചർച്ച ചെയ്യും. പുതിയ തലത്തിലേക്ക് കേരളത്തെ എങ്ങനെ രൂപപ്പെടുത്തുക എന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണുണ്ടാവുക.
സംസ്ഥാനത്തെ എങ്ങനെ വികസിപ്പിക്കാമെന്ന് കേരളം ആലോചിക്കുമ്പോൾ അതിന് വിപരീതമായി കേന്ദ്രം പ്രവർത്തിക്കുന്നു. അതിനാൽ കേരളത്തെ സ്വന്തം കാലിൽ നിർത്തി വലിയ മുന്നേറ്റമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. 15,000 സ്റ്റാർട്ടപ്പാണ് സ്റ്റാർട് അപ്പ് മിഷന്റെ ഭാഗമായി കേരളം കെെകാര്യം ചെയ്യുക.ഏതാണ്ട് 3 ലക്ഷം വരുന്ന സംരംഭ പ്രവർത്തനമാണ് മൂന്ന് വർഷത്തിൽ ആരംഭിക്കാനായത്.
തൊഴിലില്ലായ്മ പരിഹരിക്കാൻ കൂടിയാണ് ഇതിലൂടെ സാധിക്കുന്നത്. 1,53,000 കോടിയുടെ നിക്ഷേപം കൂടി വരുമ്പോൾ വ്യവസായ സൗഹൃദ നാട് എന്ന സൽപ്പേര് അതിശക്തമായി ഉയർത്തി തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പുതിയതലത്തിലേക്ക് കേരളത്തെ ഉയർത്താൻ സാധിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.









0 comments