ബിജെപിക്ക് ഡൽഹി തളികയിൽ നൽകിയത് കോൺഗ്രസ്

കോടിയേരി ബാലകൃഷ്‌ണൻ നഗർ (കുന്നംകുളം നഗരസഭാ ടൗൺഹാൾ): ഡൽഹി ഭരണം ബിജെപിക്ക് തളികയിൽ വച്ചുനൽകിയത് കോൺഗ്രസാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിക്കെതിരെ എഎപിയുമായി കോൺഗ്രസ് യോജിച്ചുനിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം കുന്നംകുളത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.
എഎപിയും കോൺഗ്രസും ഒന്നിച്ചുനിന്നിരുന്നെങ്കിൽ 50 ശതമാനം വോട്ട് നേടി എഎപി നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കാമായിരുന്നു. എന്നാൽ കോൺഗ്രസ് പഴയ വല്ല്യേട്ടൻ മനോഭാവം സ്വീകരിച്ചു. ഏറ്റവും വലിയ അഴിമതിക്കാരൻ അരവിന്ദ് കെജ്‌രിവാളാണെന്ന് രാഹുൽ ഗാന്ധിയുൾപ്പെടെ പ്രചരിപ്പിച്ചു. ഇതോടെ കോൺഗ്രസ് ചെലവിൽ ബിജെപിക്ക് അധികാരം ലഭിച്ചു. കോൺഗ്രസ് ഒരുപാട് പഠിക്കാനുണ്ടെന്നാണ് പ്രിയങ്കഗാന്ധി പറയുന്നത്. ഹരിയാനയിലും മഹാരാഷ്‌ട്രയിലും അവർ പഠിച്ചില്ല. കോൺഗ്രസ് ഈ നിലപാട് തിരുത്തണം.
ആർഎസ്‌എസ് രൂപീകരിച്ച് നൂറ് വർഷം തികയുന്ന 2025ൽ രാജ്യത്തെ ഹിന്ദുത്വ രാഷ്‌ട്രമാക്കുകയാണ് അവരുടെ ലക്ഷ്യം. ആർഎസ്‌എസ് അജൻഡകൾ നടപ്പാക്കാനാണ് നീക്കം. പൗരത്വഭേദഗതി, ഏക സിവിൽ കോഡ്, ഒരു രാജ്യം–-ഒരു തെരഞ്ഞെടുപ്പ് എന്നിവ നടപ്പാക്കുന്നു. മതനിരപേക്ഷത, ജനാധിപത്യമൂല്യങ്ങൾ, ഫെഡറൽ തത്വങ്ങൾ, ഭരണഘടനാമൂല്യങ്ങൾ എന്നിവ സംരക്ഷിക്കാൻ ബിജപിക്കെതിരായ വിശാലമായ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തണം.
കേന്ദ്ര ബജറ്റിൽ കേരളം എന്ന പേരുപോലുമില്ല. വയനാട് ദുരന്തം സംഭവിച്ചിട്ടും സഹായമില്ല. കേന്ദ്രത്തിന്റെ ക്രൂര അവഗണനയ്‌ക്കെതിരെ കേരളത്തിൽ വൻ പ്രക്ഷോഭം ഉയരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments