മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം: തുടങ്ങിയത് 177 കോടിയുടെ നവീകരണ പദ്ധതി

muthalapozhi
വെബ് ഡെസ്ക്

Published on Aug 01, 2025, 08:19 AM | 1 min read

തിരുവനന്തപുരം : മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിൽ ഒരുങ്ങുന്നത് 177 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികൾ. പദ്ധതിയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടു കൂടിയാണ് നടപ്പിലാക്കുന്ന പദ്ധതിക്ക് 177 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി പുലിമുട്ടുകളുടെ നീളം വർധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രെഡ്ജിങ് തുടങ്ങിയ കാര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നടപ്പാക്കും.


മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും പ്രദേശത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ സമഗ്ര വികസനം ലക്ഷ്യംവച്ചുള്ള പദ്ധതിയാണിത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകികൊണ്ട് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തുറമുഖ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. എന്നാൽ, ഈ പഠിച്ച വിദഗ്ദ്ധ സമിതി ആ പഠനം മാത്രമല്ല അതോടൊപ്പം മത്സ്യത്തൊഴിലാളികൾ, മത്സ്യബന്ധന യാന ഉടമകൾ ജനപ്രതിനിധികൾ തുടങ്ങിയവരുമായി എല്ലാം ചർച്ച നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


മത്സ്യത്തൊഴിലാളികളുടെയും തീരദേശ മേഖലയുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ വികസന പദ്ധതി നടപ്പാക്കുന്നത്. പുണെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷന്റെ (CWPRS) പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മത്സ്യത്തൊഴിലാളികൾ, യാന ഉടമകൾ, ജനപ്രതിനിധികൾ എന്നിവരുടെ നിർദേശങ്ങൾ കണക്കിലെടുത്താണ് 177 കോടി രൂപയുടെ ഭരണാനുമതിയോടെ പദ്ധതി നടപ്പാക്കുന്നത്.


പ്രധാന നവീകരണ പ്രവർത്തികൾ


പുലിമുട്ട് നവീകരണം: തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വർധിപ്പിക്കലും അറ്റകുറ്റപ്പണികളും.


ഡ്രെഡ്ജിങ്: തുറമുഖത്തെ മണ്ണടിയൽ പരിഹരിക്കൽ.


പെരുമാതുറ ഭാഗം: വാർഫ്, ലേലപ്പുര, കടമുറികൾ, ലോഡിംഗ് ഏരിയ.


താഴംപള്ളി ഭാഗം: ലേലപ്പുരയുടെ നീളം വർധിപ്പിക്കൽ, ടോയ്‌ലറ്റ് ബ്ലോക്ക്, വിശ്രമ മുറികൾ, പാർക്കിംഗ് ഏരിയ, ഇന്റേണൽ റോഡ്.


അടിസ്ഥാന സൗകര്യങ്ങൾ: വൈദ്യുതീകരണം, ജലവിതരണം, സ്മാർട്ട് ആൻഡ് ഗ്രീൻ ഹാർബർ സംവിധാനങ്ങൾ.




deshabhimani section

Related News

View More
0 comments
Sort by

Home