തരൂർ ‘വേണ്ടണ’മെന്ന നിലപാടിൽ ലീഗ്

പ്രത്യേക ലേഖകൻ
Published on Jul 13, 2025, 12:22 AM | 1 min read
കോഴിക്കോട്: പ്രധാനമന്ത്രി മോദിയെ പുകഴ്‌ത്തുന്നതടക്കം ശശി തരൂർ എംപിയുടെ പ്രസ്‌താവനകളിൽ നിലപാടെടുക്കാനാകാതെ മുസ്ലിം ലീഗ്. തരൂരിന്റെ നയത്തിൽ അതൃപ്‌തിയുണ്ടെങ്കിലും പരസ്യമായി എതിർക്കാനില്ലെന്നാണ് ലീഗ് സമീപനം. നേരത്തെ തരൂരിന് ലീഗ് നൽകിയ പ്രാധാന്യവും വിമർശത്തിന് തടസ്സമാണ്. ലീഗ് നേതാക്കൾക്ക് ഇക്കാര്യത്തിൽ വ്യത്യസ്‌താഭിപ്രായമാണ്. എന്നാൽ മുഖ്യമന്ത്രി പദമടക്കം നോട്ടമിട്ടുള്ള പരാമർശങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്ന് ഒരുവിഭാഗം നേതാക്കൾ പറയുന്നു. കോൺഗ്രസ് സമീപനം പരസ്യപ്പെടുത്തിയശേഷം മതി ലീഗിന്റെ പ്രതികരണം എന്നാണ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത്. മോദി സ്‌തുതിയും ബിജെപി ആഭിമുഖ്യവും വിമർശിക്കണമെന്ന വാദമാണ് ചിലർ ഉന്നയിക്കുന്നത്. തരൂരിനെ നിയന്ത്രിക്കണമെന്ന അഭിപ്രായമാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്. നേരത്തെ ശശി തരൂരിനെ ലീഗ് പരസ്യമായി പിന്തുണച്ചിരുന്നു. പാണക്കാട്ട് തരൂർ എത്തിയതിന് ലീഗ് വലിയ പ്രാധാന്യവും നൽകി. 2023-ൽ പലസ്‌തീൻ വിഷയത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച റാലിയിലും പങ്കെടുപ്പിച്ചു. പക്ഷേ ഹമാസിനെ ഭീകരവാദികളെന്ന് തരൂർ വിശേഷിപ്പിച്ചത് ലീഗിന് ക്ഷീണമായി. ഇപ്പോൾ ഇസ്രയേൽ നയതന്ത്രജ്ഞരുമായി വിരുന്നിലടക്കം പങ്കെടുത്തതോടെ ലീഗ് കൂടുതൽ വെട്ടിലായി.









0 comments