തോട്ടഭൂമി തരംമാറ്റിയതിന് കേസെടുക്കാനിരിക്കെ തടിയൂരാനാണ് ശ്രമം
ലീഗിന്റെ മുണ്ടക്കൈ ഭൂമി തട്ടിപ്പ് ; കേസിലുള്ള തോട്ടഭൂമി ദുരന്തബാധിതരുടെ തലയിലിടാൻ നീക്കം

കൽപ്പറ്റ
ലാൻഡ് ബോർഡ് കേസിലുള്ള തോട്ടഭൂമി മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ തലയിൽ കെട്ടിവയ്‌ക്കാൻ മുസ്ലിംലീഗ് നീക്കം. ദുരന്തബാധിതർക്ക് വീടുനിർമിക്കാനെന്ന് പറഞ്ഞ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ വാങ്ങിയ തോട്ടഭൂമി ദുരന്തബാധിതരുടെ പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്‌ത് തടിയൂരാനാണ് ശ്രമം. രജിസ്റ്റർ ചെയ്യാനാവശ്യമായ തണ്ടപ്പേർ സർട്ടിഫിക്കറ്റിനായി നേതാക്കൾ ചൊവ്വാഴ്‌ച തൃക്കൈപ്പറ്റ വില്ലേജ് ഓഫീസിലെത്തി.
തൃക്കൈപ്പറ്റ വെള്ളിത്തോടിൽ ലീഗ് വാങ്ങിയ 11.21 ഏക്കറിലെ ഭൂരിഭാഗവും ലാൻഡ് ബോർഡ് കേസിലുള്ളതാണെന്നും നിർമാണയോഗ്യമല്ലെന്നും കണ്ടെത്തിയിരുന്നു. തോട്ടഭൂമി തരംമാറ്റിയതിന് വിറ്റവരെയും വാങ്ങിയവരെയും പ്രതിചേർത്ത് പുതിയ കേസുമെടുക്കും. പ്രതികളെ ലാൻഡ് ബോർഡ് നോട്ടീസ് നൽകി വിളിപ്പിക്കാനിരിക്കെയാണ് ഭൂമി ദുരന്തബാധിതരുടെ പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യാനുള്ള നീക്കം. രജിസ്‌റ്റർ ചെയ്താൽ ഇവരും പ്രതികളാകും.
വിറ്റത് തോട്ടഭൂമിയാണെന്ന് ഉടമകൾ മൊഴിനൽകിയിരുന്നു. തോട്ടഭൂമി സെന്റിന് 15,000 രൂപയ്‌ക്ക് ലഭിക്കുന്ന പ്രദേശത്താണ് 98,000– 1.22 ലക്ഷം രൂപയ്ക്ക് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ അഭിഭാഷകൻ കല്ലൻകോടൻ മൊയ്‌തുവടക്കം അഞ്ചുപേരിൽനിന്ന് മുസ്ലിംലീഗ് ഭൂമി വാങ്ങിയത്.









0 comments