ബിനാമി കമ്പനിയുണ്ടാക്കി തട്ടിപ്പ്‌ ; ലീഗ്‌ ജില്ലാ പഞ്ചായത്തംഗവും സംഘവും 
കോടികൾ മുക്കി

Muslim League leader arrested
avatar
സി പ്രജോഷ്‌ കുമാർ

Published on Jul 15, 2025, 01:30 AM | 1 min read


മലപ്പുറം

ബിനാമി കമ്പനിയുണ്ടാക്കി ജില്ലാ പഞ്ചായത്തിനുകീഴിലെ ആശുപത്രികൾക്ക്‌ ഉപകരണങ്ങൾ വാങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ അംഗം ഉൾപ്പെട്ട സംഘം കോടികൾ തട്ടി. കുറഞ്ഞ കാലത്തിനുള്ളിൽ 30 കോടിയുടെ ഉപകരണങ്ങൾ കമ്പനിവഴി വാങ്ങിയതായാണ്‌ വിവരം. ഇവയിൽ പലതും എളുപ്പത്തിൽ കേടായി. വെട്ടിപ്പിന്‌ നേതൃത്വംനൽകിയ ജില്ലാ പഞ്ചായത്തംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട്‌ ചിലർ മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾക്ക്‌ പരാതി നൽകി. നേരത്തെ, നിക്ഷേപ വാഗ്‌ദാനം നൽകി കോടികൾ തട്ടിയ കേസിൽ ഉൾപ്പെട്ടയാളാണ്‌ ഈ ജില്ലാ പഞ്ചായത്തംഗം. ജില്ലാ പഞ്ചായത്തിലെ മുതർന്ന ലീഗ്‌ നേതാക്കളുടെ ഒത്താശയിലാണ്‌ തട്ടിപ്പ്‌ നടന്നതെന്നാണ്‌ ആക്ഷേപം.


ജില്ലാ പഞ്ചായത്തംഗത്തിന്റെ ബന്ധുവിന്റെ പേരിൽ വ്യാജ കമ്പനിയുണ്ടാക്കി ഗുണനിലവാരമില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി ആശുപത്രികളിൽ വിതരണംചെയ്യുകയായിരുന്നു. ജില്ലാ പഞ്ചായത്തിനുകീഴിലെ ആശുപത്രികൾക്കുപുറമെ ജില്ലയിലെ ഹോമിയോ ആശുപത്രികൾ, ആയുർവേദ ഡിസ്‌പെൻസറികൾ എന്നിവിടങ്ങളിലേക്കാണ്‌ ഉപകരണങ്ങൾ വാങ്ങിയത്‌. ലാബുകളിലേക്കുള്ള ബയോ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിലാണ്‌ വ്യാപക വെട്ടിപ്പ്‌ നടന്നത്‌.


ആരോഗ്യവകുപ്പിൽനിന്ന്‌ ഉന്നത തസ്‌തികയിൽ വിരമിച്ച ഉദ്യോഗസ്ഥനാണ്‌ ഇടനിലക്കാരനായി പ്രവർത്തിച്ചത്‌. ഇയാൾ നിലവിൽ അക്രഡിറ്റഡ്‌ ഏജൻസിയിൽ ജീവനക്കാരനാണ്‌. ഇദ്ദേഹം ആശുപത്രികൾ കയറിയിറങ്ങിയാണ്‌ കരാർ ഒപ്പിച്ചത്‌. ആശുപത്രികളിൽ കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷനിൽനിന്ന്‌ നേരിട്ടോ ഇവരുമായി കരാറിൽ ഏർപ്പെട്ട കമ്പനികളിൽനിന്നോ മാത്രമേ ഉപകരണങ്ങൾ വാങ്ങാനാവൂ. ഇത്‌ മറികടന്നായിരുന്നു കോടികളുടെ ഇടപാട്‌.


തട്ടിപ്പിന്‌ നേതൃത്വംനൽകിയ ജില്ലാ പഞ്ചായത്തംഗത്തിനെതിരെ നേരത്തെയും ഗുരുതര ആരോപണം ഉയർന്നിരുന്നു. ജില്ലാ പഞ്ചായത്തിനുകീഴിലെ പദ്ധതിയിൽ അംഗമാക്കാമെന്ന്‌ വാഗ്‌ദാനം നൽകി കോടികൾ നിക്ഷേപമായി സ്വീകരിച്ച്‌ മുങ്ങുകയായിരുന്നു. ലീഗ്‌ അനുഭാവികളാണ്‌ തട്ടിപ്പിനിരയായത്‌. ഇവർ ലീഗ്‌ നേതൃത്വത്തിന്‌ പരാതി നൽകിയെങ്കിലും നേതൃത്വം ഇടപെട്ട്‌ പരാതികൾ ഒതുക്കി. ജില്ലാ പഞ്ചായത്ത്‌ യോഗത്തിൽപോലും പങ്കെടുക്കാതെ അംഗം ഏറെക്കാലം ഒളിവിലായിരുന്നു. ഉപകരണങ്ങൾ വാങ്ങിയതിലെ തട്ടിപ്പുകൂടി പുറത്തുവന്നതോടെ നേതൃത്വം വെട്ടിലായിരിക്കയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home