"അഭയംതേടി വന്ന ഇന്ദിരയുടെ പേരക്കുട്ടികൾ"; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ലീഗ് നേതാവ്

കോഴിക്കോട്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതാവ്. കോഴിക്കോട് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി കെകെഎ ഖാദിറാണ് അഭയംതേടി വന്നവരെന്ന് കോൺഗ്രസ് നേതാക്കളെ പരിഹസിച്ചത്. എംഎസ്എഫിനെതിരെ കെഎസ്‍യു ഉയർത്തിയ ബാനറിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പരാമർശം.

കലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ കൊടുവള്ളി കെഎംഒ കോളേജ് യൂണിയൻ ചരിത്രത്തിലാദ്യമായി എംഎസ്എഫിന് നഷ്ടമായിരുന്നു. യൂണിയൻ നേടിയ കെഎസ്‍യു "എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു" എന്നെഴുതിയ ബാനറുമായി കൊടുവള്ളി ടൗണിൽ പ്രകടനം നടത്തി. ഇതാണ് ലീഗ് നേതാക്കളെ പ്രകോപ്പിച്ചത്.
"അഭയം തേടി വന്ന ഇന്ദിരയുടെ പേരകുട്ടികൾക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയ ഞങ്ങളുടെ മതേതരത്വത്തിന് നിങ്ങളുടെ പുതിയ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ല.."- എന്നാണ് കെകെഎ ഖാദിറിന്റെ പോസ്റ്റ്. ഖാദിറിന്റെ പോസ്റ്റിന് താഴെ കോൺഗ്രസിനും കെഎസ്‍യുവിനും എതിരെ രൂക്ഷവിമർശനമാണ് ലീഗ് നേതാക്കൾ ഉയർത്തുന്നത്.
അതേസമയം, വയനാട്ടിലെ കോൺഗ്രസ് എംഎൽഎമാരെ നിയമസഭ കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തി എംംഎസ്എഫ് പ്രവർത്തകരും പ്രകടനം നടത്തിയിരുന്നു. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണൻ എന്നിവർക്കെതിരെയാണ് മുട്ടിൽ ഡബ്ല്യുഎംഒ കോളേജ് യൂണിയൻ വിജയിച്ച എംഎസ്എഫുകാർ പ്രകടനം നടത്തിയത്.









0 comments