മയക്കുമരുന്ന് കേസ് : അന്വേഷണത്തിൽ സഹകരിക്കാതെ ഫിറോസിന്റെ സഹോദരൻ
ജില്ലാ പഞ്ചായത്ത് നിക്ഷേപത്തട്ടിപ്പ് ; യൂത്ത് ലീഗ് നേതാവിനെ കസ്റ്റഡിയിൽ വാങ്ങും

മലപ്പുറം
ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ കരാറിൽ ലാഭം വാഗ്ദാനംചെയ്ത് നിക്ഷേപം വാങ്ങി തട്ടിപ്പുനടത്തിയ കേസിൽ റിമാൻഡിലുള്ള ജില്ലാ പഞ്ചായത്തംഗവും യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ടി പി ഹാരിസിനെ കസ്റ്റഡിയിൽ വാങ്ങും. പ്രതിയെ വിട്ടുകിട്ടാൻ മലപ്പുറം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. 11ന് പരിഗണിക്കും. മഞ്ചേരി സബ്ജയിലിലുള്ള ഹാരിസിന്റെ റിമാൻഡ് 16നാണ് അവസാനിക്കുക.
തട്ടിപ്പിൽ ഇതുവരെ എട്ടുപേരാണ് പരാതി നൽകിയത്. ഇവരുടെ മൊഴികളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം. പുതുതായി പരാതി നൽകിയ രണ്ടുപേരും ഏജന്റുമാർ വഴി ഹാരിസിന് പണം നൽകിയതായി മൊഴി നൽകി. പണമിടപാടിന്റെ രേഖ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാകും പുതിയ കേസെടുക്കുക. നിലവിൽ പണം നഷ്ടമായ ആറുപേർ നൽകിയ പരാതിയിലാണ് ഹാരിസിനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജുവിനുമെതിരെ കേസെടുത്തത്. ഹാരിസ് അറസ്റ്റിലായെങ്കിലും ബിജുവിനെതിരെ പൊലീസ് നടപടിയിലേക്ക് നീങ്ങിയിട്ടില്ല. തെളിവുകൾ ശേഖരിച്ച ശേഷമാകും അറസ്റ്റ്.
മയക്കുമരുന്ന് കേസ് : അന്വേഷണത്തിൽ സഹകരിക്കാതെ ഫിറോസിന്റെ സഹോദരൻ
മയക്കുമരുന്ന് പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ചതിന് അറസ്‌റ്റിലായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. ഇയാളിൽനിന്ന് പിടിച്ചെടുത്ത ഐ ഫോണിന്റെ നമ്പർലോക്ക് ഒഴിവാക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല.
ഫോൺ ലോക്ക് നീക്കിയാൽ മയക്കുമരുന്ന് ശൃംഖലയുടെ പല വിവരങ്ങളും ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. ലഹരി വിൽപ്പനക്കാരനായ റിയാസും ബുജൈറും മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. സൈബർ സെൽ ഇവ പരിശോധിച്ചു വരികയാണ്. ബുജൈറിന്റെ ജാമ്യഹർജി കുന്നമംഗലം കോടതി ബുധനാഴ്ച പരിഗണിക്കും.









0 comments