print edition അഞ്ജന കണ്ടു; നിറക്കൂട്ടുകളിലെ ലോകം

എസ് എം എ, എം ഡി ബാധിതരുടെ സംഗമത്തിൽ എത്തിയവർ മൃഗശാലയിലെ കാഴ്ചകൾ ആസ്വദിക്കുന്നു
സ്വന്തം ലേഖിക
Published on Nov 09, 2025, 12:24 AM | 1 min read
തിരുവനന്തപുരം : മസ്‌കുലാർ ഡിസ്‌ട്രോഫി രോഗം ശരീരത്തെ തളർത്തിയെങ്കിലും മനോധൈര്യത്താൽ നേട്ടങ്ങൾ ഓരോന്നും കൈപ്പിടിയിലൊതുക്കുകയാണ് കൊല്ലം സ്വദേശി അഞ്ജന. വീൽചെയറിൽ ജീവിതം തള്ളിനീക്കുകയാണെന്നുകരുതി തളരാൻ അവൾ ഒരുക്കമല്ല. സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യം പുരസ്‌കാരമുൾപ്പെടെ നിശ്‌ചയദാർഢ്യത്തിലൂടെ നേടിയെടുത്ത് മാതൃകയാകുകയാണ് കരുനാഗപ്പള്ളി ഗവ. മോഡൽ ഹൈസ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥികൂടിയായ അഞ്ജന.
പെയിന്റും ബ്രഷും നിറങ്ങളുമാണ് അവളുടെ ലോകം. മസ്‌കുലാർ ഡിസ്‌ട്രോഫി ബാധിതരായ വിദ്യാർഥികൾക്കുവേണ്ടി മൈന്‍ഡ് ട്രസ്റ്റ് സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുക്കാനെത്തിയ അഞ്ജന കൂട്ടുകാർക്കൊപ്പം മൃഗശാലയും മ്യൂസിയവുമൊക്കെ കണ്ടു. കോവിഡ് കാലത്ത് യൂട്യൂബ് നോക്കിയാണ് ചിത്രരചന പഠിച്ചത്. ബോട്ടിൽ ആർട്ടും ചെയ്യുന്നുണ്ട്. ചിത്രരചന ഇപ്പോൾ ചെറിയ വരുമാനമാർഗം കൂടിയാണ്.
പ്രദർശനങ്ങളിലും ഓൺലൈൻ ചിത്രരചനാ മത്സരങ്ങളിലും സമൂഹ മാധ്യമങ്ങളിലും അഞ്ജനയുടെ ചിത്രങ്ങൾക്ക് ആരാധകരുണ്ട്. ഡി ജയമോന്റെയും കെ രജനിയുടെയും മകളാണ്.









0 comments