print edition ശിൽപ്പപാളിയിലെ സ്വർണ മോഷണം ; ഗൂഢാലോചനയിൽ മുരാരി ബാബുവിന് പങ്ക്

തിരുവനന്തപുരം
ശിൽപ്പപാളിയിലെ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ രണ്ടാംപ്രതിയും ദേവസ്വം ഡെപ്യൂട്ടി കമീഷണറുമായിരുന്ന മുരാരി ബാബുവിനും വ്യക്തമായ പങ്കുള്ളതായി പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുള്ള മുരാരി ബാബു അന്വേഷക സംഘത്തിന്റെ പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകിയില്ല. ഇതോടെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കൂടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. വീഴ്ചപറ്റിയെന്ന് മുരാരി ബാബു സമ്മതിച്ചത് തെളിവ് നിരത്തിയുള്ള ചോദ്യം ചെയ്യലി ലാണ്.
കേസിലെ പ്രതികളായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീ, തിരുവാഭരണം മുൻ കമീഷണർ കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്‌കുമാർ എന്നിവരെയും അന്വേഷക സംഘം ഉടൻ ചോദ്യംചെയ്യും. ഇതോടെ ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ വ്യക്തതവരും. 1998- ലാണ് സന്നിധാനത്തെ ദ്വാരപാലക ശിൽപ്പപാളികളിലടക്കം യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞത്. ഇതിനുംമുമ്പേ ദേവസ്വം ബോർഡിൽ ജോലിക്ക് കയറിയയാളാണ് മുരാരി ബാബു. എന്നാൽ, ശബരിമല ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കേ മുരാരി ബാബു സ്വർണം പൊതിഞ്ഞ പാളികളെ ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തി.
2019 ജൂൺ 17നാണ് ശിൽപ്പപാളിയിൽ സ്വർണം പൂശിനൽകാമെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയത്. ശബരിമല തന്ത്രിയുടെ അഭിപ്രായവും കുറിപ്പായി വാങ്ങിയിരുന്നു. അപേക്ഷ നൽകിയ അന്നുതന്നെ തന്ത്രിയുടെ കുറിപ്പുംചേർത്ത് മുരാരി ബാബു അപേക്ഷ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്‌കുമാറിന് നൽകി. ഈ അപേക്ഷയിലും ശിൽപ്പപാളികൾ വെറും ചെമ്പ് തകിടുകൾ ആണെന്ന് മുരാരി ബാബു രേഖപ്പെടുത്തി. 18നുതന്നെ സുധീഷ്‌കുമാർ ദേവസ്വം ബോർഡ് കമീഷണർക്ക് ഇൗ അപേക്ഷ ശുപാൾശക്കത്തിനൊപ്പം അയച്ചു. ഈ കത്തിലും ചെമ്പ് പാളികളും തകിടുപാളികളും എന്നാണുള്ളത്.
തിരുവാഭരണം കമീഷണറുടെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിലും ഉത്തരവാദിത്വത്തിലും ശാസ്ത്രവിധിപ്രകാരം ദ്വാരപാലക ശിൽപ്പ പാളികൾ കൊണ്ടുപോകാം എന്നായിരുന്നു 2019 ജൂലൈ മൂന്നിന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചേർന്ന ബോർഡ് യോഗത്തിന്റെ തീരുമാനം. നിർമാണം തിരുവാഭരണം കമീഷണറുടെ മേൽനോട്ടത്തിലാകണമെന്നും ബോർഡിന്റെ ഉത്തരവുണ്ട്. എന്നാൽ അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറി ജയശ്രീ ബോർഡ് യോഗത്തിന്റെ ഉത്തരവ് തിരുത്തി. ശിൽപ്പപാളികൾ എന്നതിന് പകരം ചെമ്പ് പാളികളും ചെമ്പ് തകിടുകളും എന്ന് ചേർത്തു.









0 comments