ആരെന്തു പറഞ്ഞാലും വിശ്വസിച്ചാലും, കേരളം വളരുകയാണ്.. അത് ലോകം ശ്രദ്ധിക്കുന്നുണ്ട്': മുരളി തുമ്മാരുകുടി

murali thummarukkudy
വെബ് ഡെസ്ക്

Published on Nov 18, 2025, 01:59 PM | 2 min read

തിരുവനന്തപുരം: സമൂഹത്തിന്റെ ഉയർന്ന ശ്രേണിയിൽ കാണുന്ന വളർച്ച, താഴെ ഉള്ളവരോടുള്ള കരുതൽ, ഇതുകൊണ്ടാണ് കേരള വികസനത്തെ ലോകം മാതൃകയാക്കുന്നതെന്ന് മുരളി തുമ്മാരുകുടി. ലോകത്തെ വലതുപക്ഷ മാധ്യമങ്ങള്‍ പോലും ഇതു ശ്രദ്ധിക്കുകയും വാര്‍ത്തയാക്കുകയും ചെയ്യുന്നുണ്ട്. ഇത് കേരളത്തിന്റെ ബ്രാന്‍ഡ് വാല്യൂ വര്‍ധിപ്പിക്കുന്നു. കേരള വികസനത്തെ ഇപ്പോഴും അംഗീകരിക്കാന്‍ മടിക്കുന്നവരില്‍ കൂടുതലും കേരളത്തില്‍നിന്നു തന്നെയുള്ളവരാണെന്നും അതിനു കാരണം രാഷ്ട്രീയമാണെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം


മാറുന്ന കേരളം, ശ്രദ്ധിക്കുന്ന ലോകം


കേരളം അടിമുടി മാറുകയാണ്. അത് നമുക്ക് പല തരത്തിലും കാണാം. NITI ആയോഗും മറ്റുള്ളവരും നടത്തുന്ന പഠനങ്ങളിലൂടെ അതിൽ കേരളത്തിന് ലഭിക്കുന്ന റാങ്കിങ്ങുകളിലൂടെ കാണാം. നമുക്ക് ചുറ്റുമുള്ള ആശുപത്രികളും സ്‌കൂളുകളും റോഡുകളും പാലങ്ങളും ഒക്കെ പഴയ കാലത്തേതിനെ വച്ച് എത്ര മാറി എന്ന് ചിന്തിച്ചാൽ മനസിലാക്കാം. നമ്മുടെ നഗരങ്ങളിലുള്ള കച്ചവട സ്ഥാപനങ്ങളുടെ കെട്ടുംമട്ടും മാത്രമല്ല അവിടെ എന്ത് സാധനങ്ങൾ ആണ് വിൽപ്പനക്ക് വച്ചിരിക്കുന്നത് എന്നതിൽ നിന്നറിയാം. നമ്മുടെ റോഡുകളിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണവും വിലയും വെച്ച് അളക്കാം. ഞാൻ പക്ഷെ ശ്രദ്ധിക്കുന്നത് മറ്റു ചില സൂചികകൾ ആണ്.



നമ്മുടെ ചുറ്റും ഉള്ളവരിൽ ഉല്ലാസ യാത്രക്ക് പോകുന്നവരുടെ എണ്ണം. ഒരു പത്തു കൊല്ലം മുൻപത്തേതിനെ അപേക്ഷിച്ച് പത്രങ്ങളിൽ കാണുന്ന വിദേശ യാത്രകളുടെ പരസ്യങ്ങൾ. കേരളത്തിൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ, ഗ്രാമ/നഗര ഫെസ്റ്റിവൽ ഇവയുടെ എണ്ണവും അതിൽ ജനങ്ങളുടെ പങ്കാളിത്തവും. കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ ഒഴുക്ക്. കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരെ സഹായിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം. കേരളത്തിൽ നിന്നും വിദേശത്തേക്ക് പണമയക്കാനുള്ള സംവിധാനങ്ങളുടെ വമ്പൻ പരസ്യങ്ങൾ. കേരളത്തിലെ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ എണ്ണവും പൊലിപ്പും. കൊച്ചി വിമാനത്താവളത്തിലെ സ്വകാര്യ ജെറ്റ് ടെർമിനലിലെ ട്രാഫിക്. ഇതോരോന്നും സാമ്പത്തികമായി മുന്നേറുന്ന കേരളത്തിന്റെ സൂചികകൾ ആണ്.


പക്ഷെ ഇത് മാത്രമല്ലല്ലോ വളർച്ച, വികസനത്തിന്റ ഗുണങ്ങൾ വേണ്ടത്ര ലഭിക്കാത്തവരും വികസനത്തിന്റെ പ്രകാശം എത്താത്തിടത്ത് ഉള്ളവരും നമുക്ക് ചുറ്റുമുണ്ട്. അവരെക്കൂടി ചേർത്ത് പിടിക്കുന്നതാണ് വികസനം. ഉദാഹരണത്തിന് ലക്ഷക്കണക്കിന് പാവപ്പെട്ടവർക്ക് വീട് വച്ച് നൽകുന്നതിലൂടെ, ദശലക്ഷക്കണക്കിന് ആളുകൾക്ക് സാമൂഹിക പെൻഷൻ നൽകുന്നതിലൂടെ, ദുരന്തത്തിൽ അകപ്പെടുന്നവർക്ക് ഉടനടി ദുരിതാശ്വാസവും ദീർഘകാല പുനരധിവാസവും ഉറപ്പു നൽകുന്നതിലൂടെ, ഇപ്പോൾ അവസാനമായി അതി ദാരിദ്ര്യം തുടച്ചു മാറ്റുന്നതിലൂടെ.


ഇങ്ങനെ സമൂഹത്തിന്റെ ഉയർന്ന ശ്രേണിയിൽ കാണുന്ന വളർച്ച, താഴെ ഉള്ളവരോടുള്ള കരുതൽ, ഇതാണ് കേരള വികസനത്തെ ലോക മാതൃകയാക്കുന്നത്.


ഇത് എക്കണോമിസ്റ്റ് പോലെ പൊതുവെ റൈറ്റ് വിങ്ങ് മാധ്യമങ്ങൾ പോലും ശ്രദ്ധിക്കുന്നു, വാർത്തയാക്കുന്നു. ഇത് കേരളത്തിന്റെ ബ്രാൻഡ് വാല്യൂ വർദ്ധിപ്പിക്കുകയാണ്. കേരള വികസനത്തെ ഇപ്പോഴും അംഗീകരിക്കാൻ മടിക്കുന്നവരുണ്ട്. ഇവർ കൂടുതലും, പ്രധാനമായും കേരളത്തിൽ നിന്നുള്ളവരാണ്. അതിന്റെ പ്രധാനകാരണം രാഷ്ട്രീയവും. പക്ഷെ വസ്തുതകൾ മറിച്ചായിരിക്കുന്നിടത്തോളം ഇവരുടെ വിശ്വാസം അത്ര പ്രാധാന്യമുള്ളതല്ല. സ്ഥിരമായി നിൽക്കുന്ന ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് വിശ്വസിച്ചിരുന്ന ലോകത്ത് ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് കണ്ടുപിടിച്ച ഗലീലിയോ വലിയ എതിർപ്പ് നേരിട്ടു. സ്വന്തം ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന് സ്വന്തം കണ്ടുപിടുത്തത്തെ തള്ളിപ്പറയേണ്ടി വന്നു. പക്ഷെ അതിനു ശേഷം അദ്ദേഹം പറഞ്ഞു, Eppur si muove" (or "And yet it moves").


അതെ, ആരെന്തു പറഞ്ഞാലും വസ്തുത മാറുന്നില്ലല്ലോ. അതുപോലെ കേരള വികസനത്തെപ്പറ്റി, കേരളത്തിൽ വരുന്ന മാറ്റങ്ങളെ പറ്റി, ആരെന്തു പറഞ്ഞാലും വിശ്വസിച്ചാലും, കേരളം വളരുകയാണ്... കേരളമെന്ന പേരുകേട്ടാൽ അഭിമാനപൂരിതക്കണം അന്തരംഗം എന്നത് കവിതയ്ക്കപ്പുറം യാഥാർഥ്യമാവുകയാണ്.


മുരളി തുമ്മാരുകുടി



















deshabhimani section

Related News

View More
0 comments
Sort by

Home