മൂന്നാറിലെ ജന്തുജാല കണക്കെടുപ്പ് ; 11 ഇനം പക്ഷികൾ ഉൾപ്പെടെ 24 പുതിയ അതിഥികൾ

ആനമല ഷേലക്കിളി / തീക്കണ്ണൻ തവിടൻ
പാട്രിക് വേഗസ്
Published on Jan 20, 2025, 12:14 AM | 2 min read
മൂന്നാർ
മൂന്നാറിൽ ജന്തുജാല കണക്കെടുപ്പിൽ പുതുതായി കണ്ടെത്തിയത് 11 ഇനം പക്ഷികൾ ഉൾപ്പെടെ 24 ജീവികളെ. സംസ്ഥാന വനം വകുപ്പ്, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുമായി സഹകരിച്ചാണ് നാലുദിവസം കണക്കെടുപ്പ് നടത്തിയത്. പക്ഷികൾ, ചിത്രശലഭം, തുമ്പി എന്നിവയുടെ സാന്നിധ്യമാണ് പഠന വിധേയമാക്കിയത്. പുതിയ അതിഥികളിൽ എട്ട് ചിത്രശലഭവും അഞ്ചു തുമ്പികളുമുണ്ട്. മതികെട്ടാൻചോല, പാമ്പാടുംചോല, ആനമുടി, കുറിഞ്ഞിമല, ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായിരുന്നു കണക്കെടുപ്പ്.
മൂന്നാറിലെ 258 തരം പക്ഷികൾ
സർവേയിൽ 11 ഇനം പുതിയ പക്ഷികളെ കണ്ടെത്തി. ഇതോടെ മൂന്നാറിലെ പക്ഷികളുടെ എണ്ണം 258 ആയി. ബ്രൗണ്‍ ഹോക്ക് ഔള്‍(പുള്ളുനത്ത്), ബാരെഡ് ബട്ടണ്‍ ക്വയിൽ(പാഞ്ചാലി കാട), പുള്ളിമൂങ്ങ, മോട്ടില്‍ഡ് വുഡ് ഓള്‍(കാലങ്കോഴി), ബയ വീവര്‍(ആറ്റക്കുരുവി), റെഡ് മുനിയ(കുങ്കുമക്കുരുവി), റിച്ചാര്‍ഡ്സ് പിപിറ്റ്(വലിയ വരമ്പന്‍), ജെര്‍ഡന്‍ ബുഷ്‌ലാര്‍ക്ക്(ചെമ്പന്‍പാടി), ഗോള്‍ഡന്‍ ഹെഡഡ്സിസ്റ്റിക്കോള (നെല്‍പൊട്ടന്‍), ലാര്‍ജ് ഗ്രേ ബാബ്ലര്‍(ചാരച്ചിലപ്പന്‍), ചെസ്റ്റ്നട്ട് ബെല്ലിഡ് നട്ട്ഹാച്ച് (ഗൗളിക്കിളി) എന്നിവയാണ് പുതിയ പക്ഷികൾ.
166 ഇനം ചിത്രശലഭങ്ങൾ
പുതിയ എട്ട് ഇനം ഉള്‍പ്പെടെ 166 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തി. ചിന്നാറിൽ മാത്രം 148 തരം ശലഭങ്ങളെ കാണാനായി. സംസ്ഥാനത്തെ ഏറ്റവും ചെറിയ ചിത്രശലഭമായ ഗ്രാസ്ജ്യുവല്‍ ചിന്നാറില്‍ ധരാളമുണ്ടായിരുന്നു. ഏറ്റവും വലിയ ഇന്ത്യന്‍ ചിത്രശലഭമായ സതേണ്‍ ബേര്‍ഡ് വിങ് മിക്ക ക്യാമ്പുകളിലും രേഖപ്പെടുത്തി. ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന വണ്‍സ്പോട്ട് ഗ്രാസ് യെല്ലോ(ചോലപാപ്പാത്തി), പല്ലിഡ് ഡാര്‍ട്(ചോല പൊട്ടന്‍) മലബാര്‍ റോസ്, സഹ്യാദ്രി ലെസ്സര്‍ ഗള്‍(കാട്ടുപാത്ത), കോമണ്‍ ട്രീ ഫ്ളറ്റര്‍(നാട്ടുമരത്തുള്ളന്‍), ബംഗാള്‍ കോമണ്‍ സിലിയേറ്റ് ബ്ലൂ(കോകിലന്‍), കാനറാ സ്വിഫ്റ്റ്(കാനറാ ശരശലഭം), ബ്ലാക്ക് ആംഗിള്‍(കരിംപരപ്പന്‍) എന്നിവയാണ് സങ്കേതത്തിലെ പുത്തൻ വിരുന്നുകാർ.
അഞ്ചു പുതിയ കണ്ടെത്തലുകളോടെ 33 തുമ്പികളെ തിരിച്ചറിഞ്ഞു. ഇതോടെ ആകെ തുമ്പികളുടെ എണ്ണം 58 ആയി. താഴ്ന്ന പ്രദേശങ്ങളില്‍ സാധാരണയായി കാണുന്ന ക്രാറ്റില്ല ലീനിയാറ്റ കാല്‍വെര്‍ട്ടി(കാട്ടു പതുങ്ങന്‍), മാക്രോഡിപ്ലാക്സ് കോറ (പൊഴിത്തുമ്പി), പാല്‍പോ പ്ലൂറസെക്സ്മാക്യുലേറ്റ (നീല കുറുവാലന്‍), തോളിമിസ് ടില്ലാര്‍ഗ (പവിഴ വാലന്‍), ലെസ്റ്റെസ് എലാറ്റസ് ഹേഗന്‍ ഇന്‍ സെലിസ് (പച്ച ചേരാച്ചിറകന്‍) എന്നിവയാണ് പുതിയവ.
മൂന്നാർ വന്യജീവി സങ്കേതത്തിൽ പുതിയ കണ്ടെത്തലുകൾ ഗുണകരമാണെന്നും ശാസ്ത്രീയ രീതിയിൽ തുടർ സര്‍വേകൾ നടത്തുമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡൻ കെ വി ഹരികൃഷ്ണന്‍ പറഞ്ഞു. ടിഎൻഎച്ച്‌എസ് റിസർച് അസോസിയറ്റ് ഡോ. കലേഷ് സദാശിവന്റെ നേതൃത്വത്തിലായിരുന്നു സർവേ.









0 comments